Site iconSite icon Janayugom Online

കീവില്‍ വീണ്ടും മിസെെലാക്രമണം

കിഴക്കന്‍ ഡോണ്‍ബാസില്‍ മുന്നേറ്റം തുടരുന്നതിനിടെ ഉക്രെയ്‍ന്‍ തലസ്ഥാനമായ കീവില്‍ ആക്രമണം പുനരാരംഭിച്ച് റഷ്യ. മൂന്നാഴ്ചകള്‍ക്ക് ശേഷം ആദ്യമായി കീവില്‍ റഷ്യ മിസെെലാക്രമണം നടത്തി. മധ്യ ഉക്രെയ്‍നിയന്‍ നഗരമായ ചെര്‍കാസിന് സമീപം മിസെെല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരു കൂട്ടിയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 14 മിസെെലുകളാണ് കീവിലും സ­മീപ നഗരങ്ങളിലുമായി വിക്ഷേപിച്ചത്. 

സെെനിക നടപടി ആരംഭിച്ചതിനു ശേഷം വലിയ തോതില്‍ ആക്രമണം ഉണ്ടായിട്ടില്ലാത്ത നഗരമാണ് ചെര്‍കാസി. കീവില്‍ രണ്ട് പാര്‍പ്പിട സമുച്ചയങ്ങള്‍ മിസെെല്‍ ആക്രമണത്തില്‍ തകര്‍ന്നതായി മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോ പറ‍ഞ്ഞു. നാറ്റോ ഉച്ചകോടിക്ക് മുമ്പായി ഉക്രെയ്ൻ ജനതയെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കീവില്‍ റഷ്യ മിസെെലാക്രമണം നടത്തിയതെന്നും ക്ലിറ്റ്ഷ്കോ ആരോപിച്ചു. ജൂണ്‍ 28ന് മാഡ്രിഡിലാണ് നാറ്റോ ഉച്ചകോടി നടക്കുന്നത്.
അതിനിടെ, വടക്കൻ, പടിഞ്ഞാറൻ ഉക്രെയ്‍നിലെ മൂന്ന് സൈ­നിക പരിശീലന കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തിയതായി റഷ്യ അവകാശപ്പെട്ടു. കാലിബര്‍ മിസെെല്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന കൃത്യതയുളള ആയുധങ്ങളും മിസെെലുകളും ഉപയോഗിച്ചാണ് സ്‍ഫോടനം നടത്തിയതെന്ന് റഷ്യന്‍ പ്രതിരേ­ാധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 

നാറ്റോ അംഗമായ പോളണ്ടിന്റെ അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ലിവിവ് മേഖലയിലെ സ്റ്റാറിച്ചി ജില്ലയിലെ സൈനിക പരിശീലന കേന്ദ്രവും ആക്രമണത്തില്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ നഗരമായ സീവിയേറോഡൊനെറ്റ്സ്കിന്റെ നിയന്ത്രണം റഷ്യന്‍ സേന പൂര്‍ണമായും ഏറ്റെടുത്തതായാണ് വിവരം. ഉക്രെയ്‍ന്‍ സെെന്യം നഗരത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. റഷ്യൻ സേന സീവിയേറോഡൊനെറ്റ്സ്ക് പിടിച്ചെടുത്തതായി ഉക്രെയ്‍നും സ്ഥിരീകരിച്ചു. 

അതേസമയം സീവിയേറോഡൊനെറ്റ്സ്ക് ഉൾപ്പെടെ ഉക്രെയ്‍ന് നഷ്ടപ്പെട്ട എല്ലാ നഗരങ്ങളും തിരിച്ചു പിടിക്കുമെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലൻസ്‍കി പറഞ്ഞു. യുദ്ധത്തിൽ വിജയിക്കുക പ്രയാസമാണെന്നത് സെ­ലൻസ്‍കി സമ്മതിച്ചു. സീവിയേറോഡൊനെറ്റ്സ്കിന്റെ പതനം പൂര്‍ണമായതോടെ മറ്റെ­­ാരു കിഴക്കന്‍ നഗരമായ ലിസിചാന്‍സ്കിന്റെ നിയന്ത്രണമാണ് ഇനി റഷ്യയുടെ ലക്ഷ്യം.

Eng­lish Summary:Missile attack again in Kiev
You may also like this video

Exit mobile version