Site iconSite icon Janayugom Online

ധാന്യക്കയറ്റുമതി കരാറിന് പിന്നാലെ ഒഡേസ തുറമുഖത്ത് മിസെെലാക്രമണം

മേഖലയിൽ നിന്നുള്ള സുപ്രധാന ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ അനുവദിക്കുന്ന കരാറിൽ ഉക്രെയ്‌നും റഷ്യയും ഒപ്പുവച്ചതിന് തൊട്ടുപിന്നാലെ തെക്കൻ ഉക്രെയ്‍നിയൻ തുറമുഖമായ ഒഡെസയിൽ റഷ്യയുടെ മിസെെലാക്രമണം. രണ്ട് മിസൈലുകൾ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ പതിച്ചതായും രണ്ടെണ്ണം ഉക്രെയ്‌നിന്റെ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ച് വീഴ്ത്തിയതായും സെെനിക വക്താവ് സെർഹി ബ്രാച്ചുക് പറഞ്ഞു. ഒഡേസയില്‍ ആറ് സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

സെെനിക നടപടി ആരംഭിച്ചതിനു ശേഷം ഒഡേസയില്‍ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഉക്രെയ്‍ന്‍ സെെനിക നടപടി 150-ാം ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് യുഎന്നിനും തുര്‍ക്കിയയ്ക്കും മുമ്പാകെ ഒപ്പുവച്ച കരാര്‍ വാഗ്‍ദാനങ്ങള്‍ ലംഘിച്ചുള്ള ആക്രമണമെന്നതും ശ്രദ്ധേയമാണ്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെയും തുർക്കിയ പ്രസിഡന്റ് റജബ് തയ്യിപ് എർദോഗന്റെയും മുഖത്ത് തുപ്പിയതിനു സമാനമാണ് റഷ്യയുടെ നടപടിയെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി വിമര്‍ശിച്ചു. കരാറുകള്‍ പാലിക്കാത്ത പക്ഷം ആഗോള ഭക്ഷ്യ പ്രതിസന്ധിയുടെ ഉത്തരവാദിത്തം റഷ്യ ഏറ്റെടുക്കണമെന്നും സെലന്‍സ്കി പറഞ്ഞു. എന്ത് വാഗ്ദാനങ്ങൾ നൽകിയാലും, അത് നടപ്പിലാക്കാതിരിക്കാനുള്ള വഴികൾ റഷ്യ കണ്ടെത്തും എന്നതിന്റെ തെളിവാണ് ആക്രമണമെന്നും സെലന്‍സ്കി ആരോപിച്ചു. 

അതേസമയം, ആക്രമണം നടന്നതിനു ശേഷവും തുറമുഖങ്ങളില്‍ നിന്ന് ധാന്യ കയറ്റുമതി പുനരാരംഭിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ഉക്രെയ്ന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി ഒലെക്സാണ്ടർ കുബ്രാക്കോവ് പറഞ്ഞു. കരാറിന് കീഴിലുള്ള വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഐക്യരാഷ്ട്ര സഭയോടും തുര്‍ക്കിയയോടും ഉക്രെയ്‍ന്‍ ആവശ്യപ്പെട്ടു. ആഗോള ഭക്ഷ്യപ്രതിസന്ധി ഒഴിവാക്കാൻ റഷ്യയും ഉക്രെയ്‍നും ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെയുള്ള കരാറിൽ ഒപ്പുവച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായത്. ദശലക്ഷക്കണക്കിന് ടൺ ഉക്രെയ്‍നിയൻ ധാന്യങ്ങളുടെയും വളങ്ങളുടെയും കയറ്റുമതിക്ക് കരാറില്‍ ധാരണയായിരുന്നു. 

ഏതാനും ആഴ്‌ചകൾക്കുള്ളിൽ കരാർ പൂർണമായി പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മൂന്ന് തുറമുഖങ്ങളിൽ നിന്നുള്ള ധാന്യ കയറ്റുമതി പ്രതിമാസം അഞ്ച് ദശലക്ഷം ടൺ എന്ന നിലയിലേക്ക് പുനഃസ്ഥാപിക്കുമെന്നും യുഎന്നിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഒഡേസയിലെ ആക്രമണത്തിന് പുറമേ, മധ്യ ഉക്രെയ്‍ന്‍ നഗരമായ കിറോഹോവ്രാഡിലും റഷ്യയുടെ മിസെെലാക്രമണമുണ്ടായി. സെെനിക എയര്‍ഫീഡിലും റയില്‍വേ സ്റ്റേഷനിലുമായുണ്ടായ 12 ലധികം മിസെെലാക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Summary:Missile attack on Odessa port after grain export deal
You may also like this video

Exit mobile version