സർക്കാർ ഓഫിസുകളിൽ ഫയൽ കാണാതായത് സംബന്ധിച്ച പരാതിയില്‍ ഹിയറിങ്ങിന് വിളിച്ചിട്ട് ഹാജരാകാതിരുന്ന ആറ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മിഷൻ സമൻസ് അയച്ചു. വയനാട് ജില്ലാ പട്ടികവർഗ വികസന ഓഫിസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോൺ വിജിലൻസിലെയും രണ്ടുവീതം ഉദ്യോഗസ്ഥർക്കും എരവന്നൂർ എയുപി സ്കൂൾ ഹെഡ്‍മാസ്റ്റർ, പാലക്കാട് ഷോളയാർ പൊലീസ് എസ്എച്ച്ഒ എന്നിവരോടാണ് ഡിസംബർ 11ന് തിരുവനന്തപുരത്തെ കമ്മിഷൻ ആസ്ഥാനത്ത് ഹാജരാകാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീം ഉത്തരവിട്ടത്.
ഇവരെ ഹിയറിങ്ങിന് വിളിച്ചപ്പോള്‍ പകരക്കാരെ അയയ്ക്കുകയായിരുന്നു. ഉദ്യോഗസ്ഥർ നേരിൽ ഹാജരാകണമെന്നും പകരക്കാരെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയ അബ്ദുല്‍ ഹക്കീം വന്നവരെ തിരിച്ചയച്ചു. സർക്കാർ ഓഫിസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണെന്നും പൊതുരേഖാ നിയമപ്രകാരം അഞ്ച് വർഷം വരെ ജയിൽ ശിക്ഷയും 10,000 രൂപ മുതൽ പിഴയും ലഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.