പ്ലസ് ടു വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട ഡിബി കോളജിനു സമീപത്തെ കടവിലാണ് കൊട്ടാരക്കര പൂയപ്പള്ളി സ്വദേശികളായ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂയപ്പള്ളി മൈലോട് ദേവനികേതം വീട്ടിൽ സുരേഷ് ബാബുവിന്റെയും അര്‍ച്ചനയുടെയും മകള്‍ ദേവനന്ദ (17), അമ്പലംകുന്ന് ചെങ്ങൂർ തെക്കുംകര വീട്ടിൽ മുന്‍ വെളിനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐ മണ്ഡലം കമ്മിറ്റി അംഗവുമായ നൗഷാദിന്റെയും പൊതുമരാമത്ത് വകുപ്പ് കോട്ടയം എഇ താഹിറാ ബീവിയുടെയും മകന്‍ സബിന്‍ഷാ (16) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ പതിനൊന്നോടെ സമീപവാസിയായ വീട്ടമ്മയാണ് ദേവനന്ദയുടെ മൃതദേഹം കായൽക്കരയോട് ചേർന്നും സബിൻ ഷായുടെ മൃതദ്ദേഹം കായലിൽ പൊങ്ങിയ നിലയിലും കണ്ടെത്. ഉടൻ തന്നെ ശാസ്താംകോട്ട പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഇരുവരുടെയും ബന്ധുക്കളും പൂയപ്പള്ളി പൊലീസും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
വ്യാഴാഴ്ച രാവിലെ മുതൽ ഇരുവരെയും കാണാനില്ലായിരുന്നു.
വീട്ടുകാരുടെ പരാതിയെ തുടർന്ന് പൂയപ്പള്ളി പൊലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. കൊട്ടാരക്കര ബോയ്സ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷെഹിൻ ഷാ. പൂയപ്പളളി ഓടനാവട്ടം കെആർജിപിഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ദേവാനന്ദ.
സബിൻഷായുടെ മൃതദ്ദേഹം ഖബറടക്കി. ദേവനന്ദയുടെ മൃതദ്ദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ദേവഹർഷനാണ് ദേവനന്ദയുടെ സഹോദരൻ. നൗദിൽഷാ, നിധിൻഷാ എന്നിവർ സബിൻ ഷായുടെ സഹോദരങ്ങളാണ്.