Site iconSite icon Janayugom Online

വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി

 

വെള്ളിമാട്കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി. സഹോദരിമാർ ഉൾപ്പെടുന്ന ആറു കുട്ടികളെയാണ് ബുധനാഴ്ച വൈകീട്ടോടെ കാണാതായത്. അടുക്കളയുടെ ഭാഗത്തെ മതിലിൽ ഏണി ചാരിയാണ് ഇവർ പുറത്തേക്ക് കടന്നതെന്നാണ് വിവരം. ചയിൽഡ് വെൽ ഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചിരുന്നത്. 18 വയസില്‍ താഴെ പ്രായമുള്ളവരാണ് ആറു പേരും. വ്യക്തമായ ആസൂത്രണത്തോടെ കുട്ടികള്‍ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. കാണാതായവരെല്ലാം കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ സംഘം ചേര്‍ന്ന് ചാടിപ്പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടികളുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. വിവിധ കാലയളവില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ചവരാണ് ആറുപേരും. ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു .അതേസമയം പെൺകുട്ടികളെ കാണാതായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു . അന്വേഷണം ഊര്‍ജ്ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

Exit mobile version