Site iconSite icon Janayugom Online

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

അക്രമങ്ങൾക്ക് സഹായം നൽകുന്ന തരത്തിലോ, വിദ്വേഷം പരത്തുന്നതരത്തിലോ സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചാൽ ഗ്രൂപ്പ് അഡ്മിന്മാരടക്കം കേസിൽ പ്രതികളാകുന്ന തരത്തില്‍ കൂടുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സമീപകാലത്ത് കേരളത്തിൽ ഉണ്ടായ കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നൽകി സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. അക്രമങ്ങൾക്ക് പണം നൽകിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും.

ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്താൻ ആവശ്യമായ അന്വേഷണം നടത്തി മേൽനടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച പുതുക്കിയ മാർഗ നിർദേശത്തിൽ പറയുന്നു. വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും പ്രത്യേക നിർദേശം നൽകി. ഇത്തരം ചർച്ചകൾക്ക് അനുവാദം നൽകുന്ന ഗ്രൂപ്പുകളിലെ അഡ്മിൻമാരെയും കേസിൽ പ്രതികളാക്കും. സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം നിരീക്ഷണം നടത്താൻ എല്ലാ ജില്ലകളിലേയും സൈബർ വിഭാഗത്തെ ചുമതലപ്പെടുത്തി. നിർദേശങ്ങൾ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എഡിജിപിയും മേഖലാ ഐജിമാരും എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദേശിച്ചു.

ആലപ്പുഴയിൽ അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മാർഗനിർദേശങ്ങൾ പുതുക്കിയത്. വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. ജാമ്യത്തിൽ കഴിയുന്നവർ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മറ്റു കേസുകളിൽ തുടർച്ചയായ പരിശോധനയും നടപടികളും ഉണ്ടാകും.

eng­lish sum­ma­ry; Mis­use of social media: Guide­lines issued

you may also like this video;

Exit mobile version