ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. രോഹിത്തിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ന്യൂസിലാന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ തലപ്പത്തെത്തി. വെസ്റ്റിന്‍ഡീസിനെതിരായ സെഞ്ചുറി കരുത്തിലാണ് മിച്ചല്‍ ഒന്നാമതെത്തിയത്. ഒരു റേറ്റിങ് പോയിന്റിന്റെ പിന്‍ബലത്തിലാണ് മിച്ചല്‍ (782) ഒന്നാമതായത്. രോഹിതിന് 781 റേറ്റിങ് പോയിന്റാണുള്ളത്. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാനാണ് മൂന്നാം സ്ഥാനത്ത്. 46 വർഷത്തിൽ ഇതാദ്യമായാണ് ന്യൂസിലാൻഡ് ക്രിക്കറ്റിൽ ഒരു താരം ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. 1979ൽ ഗ്ലെൻ ടേണറാണ് അവസാനമായി ഐസിസി റാങ്കിങ്ങിൽ ഒന്നാമതെത്തിയ ന്യൂസിലാൻഡ് താരം.
മാര്‍ട്ടിന്‍ ക്രോ, ആന്‍ഡ്രൂ ജോണ്‍സ്, റോജര്‍ ടൗസ്, നഥാന്‍ ആസ്റ്റല്‍, കെയ്ന്‍ വില്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റോസ് ടെയ്‌ലര്‍ എന്നിവരുള്‍പ്പെടെ നിരവധി ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍മാര്‍ മുമ്പ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംനേടിയിട്ടുങ്കിലും ഒന്നാമതെത്താന്‍ ഇവര്‍ക്കാര്‍ക്കും സാധിച്ചിരുന്നില്ല. ഇന്ത്യൻ താരങ്ങളായ ശുഭ്മാൻ ഗിൽ നാലാം സ്ഥാനത്തും വിരാട് കോലി അഞ്ചാം സ്ഥാനത്തുമുണ്ട്. എട്ടാമതുള്ള ശ്രേയസ് അയ്യരാണ് ഐസിസി റാങ്കിങ്ങിൽ ആദ്യ 10ലുള്ള മറ്റൊരു ഇന്ത്യൻ താരം.

