Site icon Janayugom Online

അസം പൊലീസ് മോഷണം നടത്തുന്നുവെന്ന് മിസോറാം പൊലീസ്

അസം പൊലീസ് അതിര്‍ത്തി കടന്ന് സംസ്ഥാനത്ത് മോഷണം നടത്തുന്നതായി മിസോറാം പൊലീസ് ആരോപിച്ചു. അസം — മിസോറാം അതിര്‍ത്തി പങ്കിടുന്ന കൊലാസിബ് മേഖലയിലാണ് പൊലീസുകാര്‍ തമ്മില്‍ മോഷണ കുറ്റം ആരോപിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മിസോറാമിലെ പാലം പണി പുരോഗമിക്കുന്നിടത്ത് അസം പൊലീസുകാര്‍ അതിര്‍ത്തി കടന്നെത്തി ജോലിക്കാരെ തടയുകയും നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി സൂക്ഷിച്ച ഇരുമ്പ് ദണ്ഡുകള്‍ ഉള്‍പ്പടെയുള്ളവ എടുത്തു കൊണ്ടുപോവുകയുമായിരുന്നു എന്നാണ് മിസോറാം പൊലീസിന്റെ ആരോപണം. സംഭവത്തില്‍ മിസോറാം പൊലീസ് കേസെടുത്തു.

മിസോറാം, അസം സംസ്ഥാനങ്ങള്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമാണ്. മിസോറാമും അസമും തമ്മില്‍ 165 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഈ അതിർത്തിയിൽ അഞ്ചിടങ്ങളിലെങ്കിലും തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുകയാണ്.
ജൂലൈയില്‍ ഇരു സംസ്ഥാനങ്ങളിലെയും പൊലീസുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് അസം സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഇരുസംസ്ഥാനങ്ങളുടെ അതിർത്തിയിലും കേന്ദ്ര സേനയെ വിന്യസിച്ചിരിക്കുകയാണ്.

Eng­lish sum­ma­ry; Mizo­ram police say Assam police are com­mit­ting theft

you may also like this video;

Exit mobile version