സംസ്ഥാനസർക്കാരുകളുടെ അധികാരത്തിൽ കടന്നുകയറുന്ന ഗവർണർമാരെ നിയന്ത്രിക്കുന്നതിന് ഒരുമിച്ചുനീങ്ങണമെന്നാവശ്യപ്പെട്ട് ഇതരസംസ്ഥാന മുഖ്യമന്ത്രിമാർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കത്തയച്ചു. ബിജെപി ഇതര സർക്കാരുകൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്.
നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാൻ കാലതാമസം വരുത്തുന്നതിനെതിരേ തമിഴ്‌നാട് നിയമസഭ കഴിഞ്ഞദിവസം പ്രമേയം പാസാക്കിയത് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ മറ്റ് സംസ്ഥാനങ്ങളും ഇതേമാർഗം പിന്തുടരണമെന്ന് നിർദേശിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന് അടക്കമാണ് കത്തയച്ചത്.
രാജ്യത്ത് ജനാധിപത്യം അപകടത്തിലാണ്. ഭരണഘടനാമൂല്യങ്ങളും ഫെഡറൽ അധികാരഘടനയും മാനിക്കപ്പെടുന്നില്ല. കേന്ദ്രസർക്കാരിന്റെയും ഗവർണറുടെയും അധികാരം ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും പാലിക്കുന്നില്ല. തമിഴ്‌നാട്ടിൽ നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാൻ ഗവർണർ കാലതാമസം വരുത്തുന്നു. സമാനമായ സ്ഥിതി പല സംസ്ഥാനങ്ങളിലും നേരിടുന്നതായി അറിയാമെന്നും ഇതിനെതിരേ ഒന്നിച്ചുനീങ്ങണമെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു. തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ പകർപ്പും കത്തിനൊപ്പം അയച്ചിട്ടുണ്ട്.
തമിഴ്‌നാടിന് പുറമെ, കേരളം, ഡൽഹി, തെലങ്കാന, പഞ്ചാബ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ സർക്കാരുകൾ അതത് സംസ്ഥാനങ്ങളിലെ ഗവർണർമാർ ഭരണപരമായ പ്രവർത്തനങ്ങളിൽ എങ്ങനെ ഇടപെടുന്നുവെന്നും ബില്ലുകളുടെ അംഗീകാരം വൈകിപ്പിക്കുന്നുവെന്നും ആശങ്ക ഉയർത്തിയിട്ടുണ്ട്.
English Summary: MK Stalin sent a letter asking them to come together to control the governors
You may also like this video