കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് നടപ്പിലാക്കുന്ന എം എൻ സുവർണ്ണ ഭവന പദ്ധതി പട്ടിക പ്രസിദ്ധീകരണം ബോർഡ് ചെയർമാൻ ടി വി ബാലൻ നിർവ്വഹിച്ചു. കോഴിക്കോട് ഭവന നിർമ്മാണ ബോർഡ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ റീജണൽ എഞ്ചിനീയർ അഷിത അധ്യക്ഷത വഹിച്ചു. പി മനോഹരൻ സ്വാഗതം പറഞ്ഞു.
1972 ൽ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ ഭാവനാ പൂർണ്ണമായ ഭവന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഭവന വകുപ്പ് മന്ത്രിയായിരുന്നു എം എൻ ഗോവിന്ദൻ നായർ. പാർശ്വവത്കരിക്കപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങളെ വീടു നൽകി ചേർത്തുപിടിച്ചു. ലക്ഷംവീട് പദ്ധതിയിലൂടെ ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തിന്റെ മാതൃകയാണ്. ഇരട്ട വീട്ടിൽ താമസിച്ചുവന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ഒറ്റ വീട്ടിലേക്ക് മാറ്റുന്ന അതി ബൃഹത്തായ പദ്ധതി 2006–2011 കാലയളവിൽ ഭവന നിർമ്മാണ ബോർഡ് ലോട്ടറിയിലൂടെ ധനസമാഹരണം നടത്തി പുതിയ വീടുകൾ നിർമ്മിച്ചു നൽകി നടപ്പിലാക്കി. ബിനോയ് വിശ്വം ഭവന വകുപ്പു മന്ത്രിയായിരുന്ന കാലത്ത് 60 ശതമാനം വീടുകളും ഇരട്ട വീട് ഒറ്റ വീടായി പുനർ നിർമ്മിച്ചു നൽകി. ബാക്കി വരുന്ന അയ്യായിരത്തോളം കുടുംബങ്ങൾക്ക് ഒറ്റവീടാക്കുന്ന വലിയ ഭവന പദ്ധതിയാണ് എം എൻ സുവർണ്ണ ഭവന പദ്ധതി.