Site iconSite icon Janayugom Online

ക്രിസ്മസ് ആഘോഷത്തിനിടെ ആള്‍ക്കൂട്ട ആക്രമണം

ഉത്തരാഖണ്ഡില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ആള്‍ക്കൂട്ടാക്രമണം. മതപരിവര്‍ത്തം ആരോപിച്ച് 30 അംഗ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഉത്തരകാശി ജില്ലയിലെ പുരോള ഗ്രാമത്തിലാണ് സംഭവം. പാസ്റ്റര്‍ ലാസർ കൊർണേലിയസ്, ഭാര്യ സുഷ്മ കൊർണേലിയസ് എന്നിവര്‍ക്കു നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പാസ്റ്ററെയും ഭാര്യയെയും ഉള്‍പ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

മുസോറിയിലെ യൂണിയന്‍ പള്ളിയിലെ പാസ്റ്ററാണ് ലാസർ കൊർണേലിയസ്. ഹോപ് ആന്റ് ലൈഫ് സെന്ററില്‍ ക്രിസ്മസ് പ്രാര്‍ത്ഥന നടത്തുമ്പോഴായിരുന്നു ആക്രമണം. ക്രിസ്ത്യന്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നേരത്തെയും ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമം ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചു. അതിനിടെ മധ്യപ്രദേശിലും ഹിന്ദു സംഘടനകള്‍ ക്രിസ്മസ് ആഘോഷത്തിനെതിരെ രംഗത്തെത്തി. ഹിന്ദു കുട്ടികളെ സാന്താക്ലോസ് ആക്കരുതെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംസ്ഥാനത്തെ സ്കൂൾ പ്രിൻസിപ്പൽമാർക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Exit mobile version