Site iconSite icon Janayugom Online

മേഘാലയയില്‍ ബിഎസ്എഫ് ഔട്ട്‌പോസ്റ്റ് ആക്രമിച്ച് ജനക്കൂട്ടം

മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ അതിർത്തി ഔട്ട്‌പോസ്റ്റിൽ ഗ്രാമവാസികൾ നടത്തിയ ആക്രമണത്തിൽ രണ്ട് ബിഎസ്‌എഫ് ജവാന്മാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെ സംസ്ഥാന തലസ്ഥാനത്ത് നിന്ന് 100 കിലോമീറ്റർ തെക്ക് ദവ്കി പട്ടണത്തിനടുത്തുള്ള ഉംസിയേം ഗ്രാമത്തിലാണ് സംഭവം. മദ്യപിച്ച ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഗ്രാമവാസികളെ മര്‍ദ്ദിച്ചതിന്റെ പേരിലാണ് സംഘര്‍ഷമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മര്‍ദ്ദനമേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതിന് പിന്നാലെ രോഷാകുലരായ ജനക്കൂട്ടം ഔട്ട്പോസ്റ്റ് ആക്രമിക്കുകയും കല്ലെറിയുകയുമായിരുന്നു. അതേസമയം ബംഗ്ലാദേശിലേക്കുള്ള കള്ളക്കടത്ത് തടയാന്‍ ശ്രമിച്ചതിന്റെ പേരിലാണ് സംഘര്‍ഷമുണ്ടായതെന്ന് ബിഎസ്എഫ് പറയുന്നു. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ ബിഎസ്‌എഫ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. സംഭവത്തെക്കുറിച്ച്‌ ബിഎസ്‌എഫ് ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Eng­lish Summary:Mob attacks BSF out­post in Meghalaya
You may also like this video

Exit mobile version