Site iconSite icon Janayugom Online

ഗുജറാത്തില്‍ ഹോസ്റ്റലില്‍ നിസ്‌കരിച്ച വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം; 5 പേർക്ക് പരിക്ക്

ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം. ഹോസ്റ്റലിനുള്ളില്‍ നിസ്‌കരിച്ചതിനാണ് അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലടക്കമുള്ള വിദ്യാര്‍ത്ഥികളെ ആൾക്കൂട്ടം ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു കൂട്ടമാളുകൾ ഹോസ്റ്റലിനുള്ളിലേക്ക് അതിക്രമിച്ച് കയറി ക്രിക്കറ്റ്‌ ബാറ്റും, കല്ലും ഉപയോഗിച്ച് വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. റംസാൻ നിസ്കാരത്തിന്റെ സമയത്താണ് വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം നടന്നതെന്നാണ് വിവരം. കാമ്പസിനുള്ളില്‍ പളളിയോ നിസ്‌കരിക്കാന്‍ സൗകര്യമോ ഇല്ലാത്തതിനാല്‍ റമദാനില്‍ രാത്രിയുള്ള നിസ്‌കാരം ചെയ്യാനാന്‍ ഹോസ്റ്റലിനുള്ളില്‍ ഒത്തുചേര്‍ന്നതാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ ആക്രമണത്തെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
അക്രമികൾ മുദ്രാവാക്യം വിളിക്കുകയും ഹോസ്റ്റലിൽ നമസ്‌കരിക്കാൻ ആരാണ് അനുവദിച്ചതെന്ന് ചോദിച്ചെന്നും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അവർ മുറിക്കുള്ളിലെ ലാപ്‌ടോപ്പുകളും ഫോണുകളും തകർത്തുവെന്നും ബൈക്കുകളും നശിപ്പിച്ചതായി വിദ്യാർത്ഥി പറഞ്ഞു. സംഭവം നടന്ന് അരമണിക്കൂറിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവി രം​ഗത്തെത്തി. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാനും മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി സംഭവത്തെ അപലപിച്ച് രം​ഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിഷയത്തിൽ ഇടപെടുമോ എന്നും അദ്ദേഹം ചോദിച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അഹമ്മദാബാദ് സിറ്റി പൊലീസ് കമ്മീഷണർ ജെഎസ് മാലിക് പറഞ്ഞു. 20–25 പേർക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. പ്രതികളിലൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Mob Attacks For­eign Stu­dents Over Namaz Inside Gujarat Hostel
You may also like this video

Exit mobile version