Site iconSite icon Janayugom Online

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ; രണ്ടാഴ്ചക്കിടെ ഏഴ് ഫോണുകള്‍ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ജയിലധികൃതർ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോൺ ന്യൂ ബ്ലോക്കിന്റെ പിറക് വശത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ജോയിൻ്റ് സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കണ്ണൂർ ജയിലിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെ എണ്ണം ഏഴായി.

ഒരാഴ്ചക്കിടെ നിരവധി തടവുകാരെ മൊബൈൽ ഫോണുമായി പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം ജയിലിലെ ഒന്നാം ബ്ലോക്കിലെ തടവുകാരൻ ഫോൺ ഉപയോഗിക്കുന്നതിനിടെ പിടിയിലായിരുന്നു. അതിന് മുമ്പ് ന്യൂ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്ന് മൊബൈൽ പിടികൂടിയിരുന്നു. ജയിലിലേക്ക് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമിച്ച യുവാവിനെയും സുരക്ഷാ ഉദ്യോ​ഗസ്ഥർ പിടിയിലായിരുന്നു. ഒരു പൊതി ജയിലിൽ ഡെലിവറിചെയ്താൽ 1000 രൂപ ലഭിക്കും എന്നായിരുന്നു യുവാവിന്റെ മൊഴി. ജയിലിൽ മൊബൈൽ ഉൾപ്പെടെയുള്ള വസ്തുക്കൾ എത്തിക്കാൻ വലിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പ്രതി പറഞ്ഞരുന്നു. ഓഗസ്റ്റ് 10ന് ജയിൽ ഡി ഐ ജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് സ്മാർട്ട് ഫോണുകളാണ് കണ്ടെത്തിയത്. അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ കണ്ടെടുത്തത്. ന്യൂ ബ്ലോക്കിന് പുറകിലെ ടാങ്കിന് അടിയിലും 5, 6 ബ്ലോക്കുകളിൽ നിന്നുമാണ് മൊബൈലുകൾ കണ്ടെത്തിയത്. മുൻപ് ജയിലിലെ കല്ലിന് അടിയിൽ നിന്നടക്കം മൊബൈൽ കണ്ടെത്തിട്ടുണ്ട്.

Exit mobile version