ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പൗരത്വം പരിശോധിക്കാനെന്ന പേരിൽ പൊലീസ് നടത്തിയ വിചിത്രമായ നടപടി വലിയ വിവാദമാകുന്നു. ചേരി നിവാസികളുടെ പുറകിൽ മൊബൈൽ ഫോൺ വെച്ച് സ്കാൻ ചെയ്ത് പൗരത്വം നിശ്ചയിക്കുന്ന കൗശാംബി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അജയ് ശർമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഡിസംബർ 23‑ന് ഭോവാപൂർ ചേരി പ്രദേശത്ത് അനധികൃത കുടിയേറ്റക്കാരെയും രോഹിങ്ക്യകളെയും കണ്ടെത്താനായി ഓപ്പറേഷൻ ടോർച്ച് എന്ന പേരില്‍ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് സംഭവം. പരിശോധനയ്ക്കിടെ ഒരാളുടെ ഉത്ഭവം കണ്ടെത്താൻ തന്റെ കൈവശം പ്രത്യേക യന്ത്രമുണ്ടെന്ന് അജയ് ശർമ്മ അവകാശപ്പെട്ടു. തുടർന്ന് ഒരു മൊബൈൽ ഫോൺ ഉപയോഗിച്ച് ഇയാളുടെ പുറകിൽ സ്കാൻ ചെയ്യുന്നതായി അഭിനയിക്കുകയും ഇയാൾ ബംഗ്ലാദേശിയാണെന്ന് ‘യന്ത്രം’ കാണിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തു.
ബിഹാറിലെ അരാരിയ ജില്ലയിൽ നിന്നുള്ളയാളാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയൽ രേഖകൾ കൈവശമുണ്ടായിട്ടും ഇയാളെ പൊലീസ് അധിക്ഷേപിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു. സാധാരണക്കാരെ ഭയപ്പെടുത്താനാണ് പൊലീസ് ഇത്തരം തന്ത്രങ്ങൾ പയറ്റുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.
സംഭവം വിവാദമായതോടെ ഗാസിയാബാദ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. ഇത് പൗരത്വം പരിശോധിക്കാനുള്ള യഥാർത്ഥ സാങ്കേതിക വിദ്യയല്ലെന്നും, ചോദ്യം ചെയ്യലിനിടെ സത്യം കണ്ടെത്താനായി പൊലീസ് സ്വീകരിച്ച ഒരു ‘മനഃശാസ്ത്രപരമായ നീക്കം’ മാത്രമാണെന്നുമാണ് എസിപി അഭിഷേക് ശ്രീവാസ്തവ പറഞ്ഞു. സാധാരണക്കാരായ ആളുകൾക്ക് പൗരത്വ രേഖകളെക്കുറിച്ച് വലിയ ആശങ്ക നിലനിൽക്കുന്ന സമയത്ത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടികൾ തെറ്റായ സന്ദേശം നൽകുന്നതാണെന്ന് വ്യാപകമായി വിമർശനം ഉയര്‍ന്നിട്ടുണ്ട്,
പൗരത്വം പരിശോധിക്കാൻ മൊബൈൽ സ്കാനിങ്; യുപി പൊലീസിന്റെ നടപടി വിവാദത്തിൽ

