Site iconSite icon Janayugom Online

മൊബൈൽ സേവന നിരക്ക് വർധന: ടെലികോം കമ്പനികള്‍ക്ക് 47,500 കോടി

മൊബൈൽ സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചത് മൂലം പ്രതിവർഷം രാജ്യത്തെ മൂന്ന് പ്രധാന ടെലികോം ഓപ്പറേറ്റർമാരുടെ കൈകളിലേക്കെത്തുക 47,500 കോടി. സമീപ വർഷങ്ങളിൽ രാജ്യത്തെ മൊബൈൽ ഡാറ്റ, കാൾ സേവനങ്ങളുടെ ആനുപാതിക തോത് കണക്കാക്കി കൊട്ടക് ഇന്‍സ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് നടത്തിയ പഠനത്തിലാണ് വിവരം.
നേരത്തെ രാജ്യത്തെ പ്രധാന ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ തുടങ്ങിയവർ തങ്ങളുടെ സേവനങ്ങളുടെ നിരക്ക് കുത്തനെ ഉയർത്തിയിരുന്നു. ജിയോയാണ് ആദ്യമായി നിരക്ക് കൂട്ടിയത്. പിന്നീട് ഭാരതി എയർടെലും വിഐയും വർധിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. 5ജി അടക്കമുള്ള പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള വലിയ ചെലവാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്നാണ് നെറ്റ്‌വർക്ക് സേവനദാതാക്കളുടെ വിശദീകരണം. അതേസമയം നിരക്ക് വര്‍ധന സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തിരിച്ചടിയായി മാറിയേക്കും. 

ഉപയോക്താക്കള്‍ 5ജി ഫോണുകളിലേക്ക് മാറുന്നതിന് തടസമാകുമെന്നും ഫീച്ചര്‍ ഫോണുകളുടെ ഉപയോഗം ഉയരാനാണ് സാധ്യതയെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. രാജ്യത്ത് 25 കോടിയോളം പേര്‍ വിലകുറഞ്ഞ, ടുജി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. കോവിഡിന് മുമ്പ് പ്രതിമാസം അമ്പത് ലക്ഷം പേര്‍ ഫീച്ചര്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകളിലേക്ക് മാറിയിരുന്നു. കോവിഡിന് ശേഷം ഇവരുടെ എണ്ണം 35 ലക്ഷമായി കുറഞ്ഞു. പുതിയ നിരക്ക് വര്‍ധനയോടെ സ്മാര്‍ട്ട്ഫോണുകളിലേക്ക് മാറുന്നവരുടെ എണ്ണം 30 ലക്ഷത്തില്‍ താഴെയാകുമെന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് നടത്തിയ പഠനം വിലയിരുത്തുന്നു. 

ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള റിലയൻസ് ജിയോ 13 മുതൽ 27 ശതമാനം വരെ വർധന വിവിധ പ്ലാനുകളിൽ വരുത്തി. ഇതോടെ ഉപഭോക്താവിൽ നിന്ന് ജിയോയ്ക്ക് കിട്ടുന്ന ശരാശരി വരുമാനം 10 മുതൽ 12 ശതമാനം വരെ ഉയർന്ന് 300 രൂപയിലേക്ക് എത്തും.
ഭാരതി എയർടെൽ 10 ശതമാനം മുതൽ 21 ശതമാനം വരെയും നിരക്ക് കൂട്ടി. ജൂലൈ നാല് മുതൽ പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളിൽ 10 ശതമാനം മുതൽ 23 ശതമാനം വരെ താരിഫ് വർധനയാണ് വോഡാഫോൺ ഐഡിയ പ്രഖ്യാപിച്ചത്. കുറഞ്ഞ പ്ലാനായ 179 രൂപ ഉയര്‍ത്തി 199 രൂപയാക്കി. പ്രതിദിനം 1.5 ജിബി ഡാറ്റയുള്ള 84 ദിവസത്തെ വാലിഡിറ്റി പ്ലാനിന്റെ നിരക്ക് നേരത്തെ ഉണ്ടായിരുന്ന 719 രൂപയിൽ നിന്ന് 859 ആയി ഉയർത്തി. കൂടാതെ വാർഷിക അൺലിമിറ്റഡ് പ്ലാനുകളിൽ ഏകദേശം 21ശതമാനം വർധനയാണ് നടപ്പിലാക്കിയത്. ഇതുവരെ 2,899 രൂപയ്ക്ക് ലഭിച്ചിരുന്ന പ്ലാൻ 3,499 രൂപയിലേക്കാണ് ഉയർത്തിയിരിക്കുന്നത്.
നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ റിലയൻസ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 21 ലക്ഷം കോടി തൊട്ടു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ ഒരു കമ്പനി വിപണി മൂലധനത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്നത്. വെള്ളിയാഴ്ച ഓഹരി വിപണിയിൽ റിലയൻസ് ഓഹരികൾ 3129 രൂപ തൊട്ടതോടെയായിരുന്നു ഇത്. ഈ വർഷം മാത്രം 20 ശതമാനത്തോളം റിലയൻസിന്റെ ഓഹരിവില ഉയര്‍ന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Mobile ser­vice rate hike: Rs 47,500 crore for tele­com companies

You may also like this video

Exit mobile version