സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സർക്കാർ ഫയലുകളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻകൂർ അനുമതി ആവശ്യമായവ പരിശോധിച്ചു വേഗത്തിലാക്കുന്നതിനായി സര്‍ക്കാര്‍ സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനും പൊതുഭരണ വകുപ്പ് സെക്രട്ടറി കൺവീനറുമായ കമ്മിറ്റിയിൽ ബന്ധപ്പെട്ട വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി അംഗമായിരിക്കും. കമ്മിറ്റി എല്ലാ ബുധനാഴ്ചയും വൈകിട്ട് മൂന്നിനോ ആവശ്യാനുസരണം മറ്റേതെങ്കിലും ദിവസമോ യോഗം ചേരും. പരിഗണിച്ച കേസുകൾ വിശദമായ വിവരങ്ങളോടെയും അടിയന്തര ആവശ്യം സംബന്ധിച്ച കുറിപ്പോടെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കും. സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ ഇല്ലാത്ത പ്രൊപ്പോസലുകൾ ഒരു വകുപ്പും നേരിട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് അയയ്ക്കാൻ പാടില്ലെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
മാതൃകാ പെരുമാറ്റച്ചട്ടം: സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു

