Site iconSite icon Janayugom Online

കേരള മോഡൽ രാജ്യത്തിന് മാതൃക: കെ റെയിൽ പദ്ധതി പാരിസ്ഥിതികാഘാത പഠനത്തിനു ശേഷം മാത്രം

brindabrinda

ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്നതെന്ന് സി പി ഐ (എം) പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. കേരള മോഡല്‍ രാജ്യത്തിന് മാതൃകയാണ്. സി പി ഐ (എം) പാർട്ടി കോൺഗ്രസ് സംബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ല. പാരിസ്ഥിതിക പഠനത്തിനു ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്ന് ഇതിനകം വ്യക്തമാക്കിയതാണ്. കെ റെയിൽ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അതിൽ യാതൊരു തർക്കവും നിലവിലില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ വികസന പദ്ധതികൾ നടപ്പിലാക്കാൻ കഴിയൂ. ഇക്കാര്യത്തിൽ ചിലർ വെറുതെ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമായാണ് നടപ്പാക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വമ്പന്‍ പദ്ധതികള്‍ക്കൊന്നും പരിസ്ഥിതികാഘാത പഠനം പോലും നടത്താറില്ല. ആദിവാസികള്‍ ഉള്‍പ്പടെയുള്ളവരെ നഷ്ടപരിഹാരം പോലും നല്‍കാതെ ഇറക്കി വിടുകയാണ്. ബിജെപി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതിവിശേഷം. കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക അനുമതിവാങ്ങി പദ്ധതികള്‍ നടപ്പാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല. ഇവിടെ വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

ബിജെപി- ആർ എസ് എസ് ഭരണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളേയും ഏകോപിപ്പിക്കുക എന്ന കർത്തവ്യമാണ് ഇടതുപക്ഷത്തിന് മുന്നിലുള്ളത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രാദേശിക കക്ഷികളെയുൾപ്പെടെ ബിജെപി ദുർഭരണത്തിനെതിരായി ഏകോപിപ്പിക്കാൻ കഴിയണം. ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിൻ്റെ വിജയം നമുക്ക് മുന്നിലുണ്ട്. ഇത്തരത്തിൽ സംഘപരിവാർ ഭരണത്തിനെതിരെയുള്ള ഓരോ വോട്ടും ഏകോപിപ്പിക്കാൻ കഴിഞ്ഞാൽ മോദിയുടെ വർഗീയ ഭരണം അവസാനിപ്പിക്കാൻ കഴിയും. ബിജെപി ഭരണകൂടത്തിനെതിരെ പോരാടുന്നവർക്കൊപ്പമാണ് സി പി ഐ (എം) എന്ന് വൃന്ദാ കാരാട്ട് വ്യക്തമാക്കി.

പാർട്ടി കോൺഗ്രസ്സിൽ കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും വ്യന്ദ കാരാട്ട് അറിയിച്ചു. 48 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബിജെപിക്കെതിരെ പോരാടുകയാണ് പ്രധാനലക്ഷ്യം. ബിജെപി സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നുവെന്നും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരം ശക്തമാക്കുമെന്നും വൃന്ദ കാരാട്ട് പറഞ്ഞു. കരട് രാഷ്ട്രീയ പ്രമേയത്തിന് 390 ഭേദഗതികളും 12 നിർദ്ദേശങ്ങളും പ്രതിനിധികളിൽ നിന്ന് ലഭിച്ചതായും വൃന്ദാ കാരാട്ട് അറിയിച്ചു.

Eng­lish Sum­ma­ry: Mod­el for Ker­ala Mod­el Coun­try: K Rail Project Only after EIA

You may like this video also

Exit mobile version