Site iconSite icon Janayugom Online

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കേരളത്തിന്റെ മാതൃകാ പദ്ധതി: മന്ത്രി

കേരളം ലോകത്തിനു മുൻപാകെ അവതരിപ്പിക്കുന്ന നിരവധിയായ മാതൃകകളിൽ പ്രധാനപ്പെട്ട ഒന്നാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയെന്ന് മന്ത്രി ആർ ബിന്ദു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രൊജക്ടിന്റെ ദിനാഘോഷവും തൃശൂർ റൂറൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി പുതിയതായി ആരംഭിച്ച സ്കൂളുകളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിൽ മാനവികതാ ബോധം ഉയർത്തിപ്പിടിച്ചുകൊണ്ട് സേവനസന്നദ്ധതയോടെ സാമൂഹ്യ പ്രതിബദ്ധതയോടെ മുന്നോട്ടുപോകാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന സംവിധാനമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. സേനയുടെ ഭാഗമാകുന്നതോടെ സമൂഹത്തോട് ഓരോരുത്തർക്കുമുള്ള ഉത്തരവാദിത്വം മനസ്സിലാക്കുന്നതിനും സഹവർത്തിത്വത്തോടെ മുന്നോട്ടുപോകുന്നതിനു മുള്ള പരിശീലനവും ലഭിക്കുന്നു. സാമൂഹ്യമായ അനീതികളോട് വിട്ടുവീഴ്ചയില്ലാതെ പോരാടാനും തിന്മകൾക്കെതിരെ അതിശക്തമായ പ്രതിരോധനിര കെട്ടിപ്പടുക്കുന്നതിനും ഈ പ്രസ്ഥാനം നല്ല നിലയിൽ പരിശീലിപ്പിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആനന്ദപുരം ശ്രീകൃഷ്ണ എച്ച്എസ്എസില്‍ നടന്ന ചടങ്ങിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ പതാക ഉയർത്തി.
റൂറൽ ജില്ലയിൽ ഒരു മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഉൾപ്പെടെ 42 സ്കൂളുകളിലാണ് എസ്‍പിസി ഉള്ളത്. 2025 അധ്യയനവർഷത്തിൽ എസ്‍പിസി പ്രൊജക്ടിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് സർക്കാർ സ്കൂളുകളാണ് അനുവദിച്ചിട്ടുള്ളത്. എൽഎഫ്സിജിഎച്ച്എസ്എസ് ഇരിങ്ങാലക്കുട, ശ്രീകൃഷ്ണ എച്ച്എസ്എസ് ആനന്ദപുരം, സിജെഎഎം എച്ച്എസ്എസ് വരന്തരപ്പിള്ളി തുടങ്ങിയ സ്കൂളുകളിലാണ് എസ്‍പിസി ആരംഭിച്ചത്. ജില്ലാ നോഡൽ ഓഫീസറും അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ടി എസ് സിനോജ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റില്ലപ്പിള്ളി, ജില്ല റൂറൽ പൊലീസ് മേധാവി ബി കൃഷ്ണകുമാർ എന്നിവർക്ക് പരേഡ് അഭിവാദ്യമർപ്പിച്ചു. ഡിവൈഎസ്പിമാരായ കെ ജി സുരേഷ്, വി കെ രാജു, പി സി ബിജു കുമാർ, പി ആർ ബിജോയ്, മറ്റു പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version