Site iconSite icon Janayugom Online

കനോലി കനാലിനെ ആധുനികവല്‍ക്കരിക്കുന്നു

കോഴിക്കോടിനെ കനാൽ സിറ്റി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന ജലപാതയുടെ ഭാഗമായി വരുന്ന കനോലി കനാലിനെ ആധുനിക നിലവാരത്തിൽ ടൂറിസത്തിനും ഗതാഗതത്തിനും അനുയോജ്യമായ രീതിയിൽ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കിഫ്ബി ധനസഹായത്തോടെ 1118 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാന ജലപാതയുടെ ഭാഗമായി വരുന്ന മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട കനാലാണ് കനോലി കനാൽ. കോഴിക്കോടിനെ ഒരു കനാൽ സിറ്റി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ ദേശീയപാതാ വികസനത്തോടൊപ്പം തന്നെ ജലപാതയും കൊണ്ടുവരാൻ സാധിക്കും. കനോലി കനാൽ വികസനം സംസ്ഥാനത്തിന്റെ തന്നെ ടൂറിസം വികസനത്തിൽ വലിയ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ജലപാത വീണ്ടെടുക്കാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തീരുമാനത്തിന്റെ ഭാഗമായി കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വെസ്റ്റ് കോസ്റ്റ് കനാൽ വികസനം എന്ന പേരിൽ കേരളത്തിലെ എല്ലാ കനാലുകളും വീണ്ടെടുത്ത് ജലപാത യാഥാർത്ഥ്യമാക്കുന്ന പ്രവർത്തനമാണ് നടന്നുവരുന്നത്. 1848 ൽ മലബാർ ജില്ലാ കളക്ടറായിരുന്ന ഹെന്‍ഡ്രി വാലന്റൈന്‍ കനോലി (എച്ച് വി കനോലി) മുൻകയ്യെടുത്താണ് പുഴകളെയും ജലാശയങ്ങളെയും കൂട്ടിയിണക്കി കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ കനാലുകൾ നിർമ്മിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ പേരുചേർത്ത് കനോലി കനാൽ എന്ന് അറിയപ്പെട്ടു. ആദ്യപടിയായി എലത്തൂർ പുഴയെ കല്ലായി പുഴയോടും കല്ലായി പുഴയെ ബേപ്പൂർ പുഴയോടും ബന്ധിപ്പിക്കുകയും പിന്നീട് പൊന്നാനി മുതൽ ചാവക്കാട് വരെയുള്ള ജലാശയങ്ങളെ സംയോജിപ്പിക്കുന്ന കനാലുകളും അദ്ദേഹം നിർമ്മിച്ചു.

ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് ഈ കനാലായിരുന്നു കോഴിക്കോട്ടുകാരുടെ പ്രധാന സഞ്ചാര മാർഗം. നൂറു കണക്കിനു് തോണികളും മറ്റും കനാലിലൂടെ സഞ്ചരിച്ചിരുന്നു. പത്തേമാരികളിലെത്തുന്ന ചരക്കുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചിരുന്നതും ഇതുവഴിയായിരുന്നു. കാലക്രമേണ റോഡ്, റയിൽ ഗതാഗതം സജീവമായതോടെ കനാൽ ഉപയോഗശൂന്യമായി. കനാലിന്റെ പാർശ്വഭിത്തികൾ തകരുകയും വീതി കുറയുകയും ചെയ്തു.
കയ്യേറ്റങ്ങളും മാലിന്യനിക്ഷേപവും കാരണം കനാലിന്റെ നീരൊഴുക്കും ജലവാഹക ശേഷിയും കുറഞ്ഞു. നഗരത്തിലെ മാലിന്യം മുഴുവൻ ഏറ്റുവാങ്ങിയ കനാൽ കനത്ത മഴയിൽ കരകവിഞ്ഞൊഴുകി സമീപത്തെ സരോവരം ബയോ പാർക്ക് ഉൾപ്പെടെ മുങ്ങിപ്പോകുകയും ചെയ്തിരുന്നു.

പരിസ്ഥിതി സൗഹൃദ വികസനം

പരിസ്ഥിതി സൗഹൃദമായ വികസനത്തിലൂടെ കനാലിനെ നവീകരിക്കുകയാണ് ലക്ഷ്യം. മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റർസെപ്റ്റ് സ്വീവറുകളും ട്രിറ്റ്മെൻറ് സിസ്റ്റവും സ്ഥാപിക്കും. കനാൽ തീരങ്ങളുടെ സൗന്ദര്യവത്ക്കരണവും നടത്തും. ഇതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ചരക്കു ഗതാഗതം, കോഴിക്കോട് പട്ടണത്തിലെ വെള്ളപ്പൊക്ക നിയന്ത്രണം, ടൂറിസം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടാകും പദ്ധതി. കനാലിന്റെ വീതി, ആഴം എന്നിവ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കും.

Eng­lish Summary:Modernizing the Con­nol­ly Canal
You may also like this video

Exit mobile version