Site iconSite icon Janayugom Online

മോഡി വിനീത വിധേയനായി സമീപിച്ചു, മക്രോണ്‍ യാചിച്ചു; ലോകനേതാക്കളെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി ട്രംപ്

ഇന്ത്യയുമായുള്ള വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി വിനീതവിധേയനായി തന്നെ സമീപിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അപ്പാച്ചെ ഹെലികോപ്റ്റര്‍ വാങ്ങുന്നതിലെ കാലതാമസം ഉള്‍പ്പെടെയുള്ള പ്രതിരോധ വിഷയങ്ങളും വ്യാപാര പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനാണ് മോഡി തന്നെ സമീപിച്ചതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അവ ലഭിച്ചിട്ടില്ല, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നെ കാണാന്‍ വന്നു, സര്‍, ദയവായി നിങ്ങളെ കാണാന്‍ അനുമതി നല്‍കുമോയെന്ന് ചോദിച്ചു. ഞാന്‍ സമ്മതിച്ചു. എനിക്ക് മോഡിയുമായി വളരെ നല്ല ബന്ധമാണുള്ളതെന്നും ട്രംപ് റിപ്പബ്ലിക്കന്‍ പ്രതിനിധികളുമായുള്ള വാര്‍ഷിക കൂടിക്കാഴ്ചയില്‍ പറഞ്ഞു.
നികുതി വിഷയത്തില്‍ മോഡി ഒട്ടും സന്തോഷവാനല്ല, റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നതിനാല്‍ ഇപ്പോള്‍ അവര്‍ വലിയ നികുതിയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ എണ്ണ വാങ്ങുന്നതില്‍ വളരെ കുറവ് വരുത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

മരുന്നുകളുടെ നിരക്ക് ഉയര്‍ത്താനുള്ള ആവശ്യം നിരസിച്ചതോടെയാണ് ഫ്രാന്‍സിന് മേലുള്ള നികുതി വര്‍ധിപ്പിച്ചതെന്നും ട്രംപ് പറഞ്ഞു. തുടര്‍ന്ന് നികുതി കുറയ്ക്കാന്‍ പ്രസിഡന്റ് മക്രോണ്‍ തന്നോട് യാചിച്ച് അപേക്ഷിച്ചുവെന്നും ട്രംപ് പറഞ്ഞു. എല്ലാ ഫ്രഞ്ച് ഇറക്കുമതികളുടെയും തീരുവ വർധിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ഫ്രാൻസിനെ മരുന്നുകളുടെ വില മൂന്നിരട്ടിയാക്കാൻ സമ്മതിപ്പിച്ചത് എങ്ങനെയെന്ന് വിവരിക്കുകയായിരുന്നു ട്രംപ്. പതിറ്റാണ്ടുകളായി അമേരിക്ക ആഗോള ആരോഗ്യ സംരക്ഷണത്തിന് സബ്‌സിഡി നൽകിയിട്ടുണ്ട്. ആദ്യം ​ മരുന്നുകളുടെ കുറിപ്പടി നിരക്കുകൾ ഉയർത്താൻ ട്രംപ് ആവശ്യപ്പെട്ടു. ഫ്രഞ്ച് ഉപയോക്താക്കളേക്കാൾ 14 മടങ്ങ് കൂടുതൽ പണം നൽകുന്നത് യുഎസ് ആണ് എന്നായിരുന്നു ട്രംപിന്റെ വാദം. എന്നാൽ നിർദേശം നിരസിച്ചു. തുടർന്ന് ട്രംപ് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചു. ഒന്നുകിൽ ഫ്രാൻസ് യുഎസ് ആവശ്യങ്ങൾ അംഗീകരിക്കണം. 

അല്ലെങ്കിൽ ഷാംപെയ്നുകൾ, വൈൻ എന്നിവയുൾപ്പെടെ എല്ലാ ഫ്രഞ്ച് ഉല്പന്നങ്ങൾക്കും 25% തീരുവ ചുമത്തുമെന്നും ഭീഷണിപ്പെടുത്തി. തീരുവ ഭീഷണി ഉയര്‍ത്തിയതോടെ മക്രോണ്‍ എല്ലാം സമ്മതിച്ചു. തന്റെ കാലുപിടിക്കാനും തയ്യാറായി എന്നാണ് ട്രംപ് പറയുന്നത്. ഇതുപോലെ മറ്റ് രാജ്യങ്ങളിലെ തലവൻമാരുമായി നടത്തിയ ചർച്ചകളിലും തീരുവകൾ ചുമത്തുമെന്ന് ഭീഷണി മുഴക്കി, ശരാശരി 3.2 മിനിറ്റിനുള്ളിൽ മരുന്നുവില വർധിപ്പിക്കാൻ അവർ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. ട്രംപിന്റെ പരാമർശങ്ങളോട് ഇന്ത്യയോ ഫ്രാൻസോ പ്രതികരിച്ചിട്ടില്ല. 

Exit mobile version