രാജ്യത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്ന വിജ്ഞാന്‍ യുവ ശാന്തി സ്വരുപ് ഭാട്ട്നാഗര്‍ ശാസ്ത്ര (എസ്എസ്ബി) പുരസ്കാരം വിവാദത്തില്‍. നരേന്ദ്ര മോഡിയുടെ വിമര്‍ശകരായ രണ്ട് ശാസ്ത്രജ്ഞരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ യോഗത്തിലാണ് മോഡി വിമര്‍ശകരായ ശാസ്ത്രജ്ഞരെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഗവേഷണം- വികസനം, നൂതന കണ്ടുപിടിത്തം എന്നീ മേഖലകളില്‍ കഴിവുതെളിയിച്ച ശാസ്ത്രജ്ഞര്‍ക്ക് നല്‍കി വരുന്ന പുരസ്കാര പട്ടികയിലാണ് മോഡി സര്‍ക്കാര്‍ വെട്ടിനിരത്തല്‍ നടത്തിയത്. വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി രാജ്യത്തെ ഉന്നത ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടവിന് കത്തയച്ചു. യുവ ശാസ്ത്ര പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച എസ്എസ്ബി പുരസ്കാരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ക്രമക്കേട് നടന്നതെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.
കാര്‍ഷിക- ശാസ്ത്ര സാങ്കേതിക മേഖലയില്‍ നിസ്തുലമായ സംഭാവന നല്‍കിയ വ്യക്തികള്‍ക്ക് നല്‍കി വരുന്ന പുരസ്കാരം രാഷ്ട്രീയത്തിന് അതീതമായിരിക്കെ ഇത്തരം വെട്ടിനിരത്തല്‍ ശാസ്ത്രത്തിന്റെ കുതിപ്പിനെ പ്രതികൂലമായി ബാധിക്കും. വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത ശാസ്ത്രജ്ഞരുടെ പട്ടികയില്‍ മാറ്റം വരുത്തുന്നത് നീതികരിക്കനാവില്ലെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് പൗരസ്വതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിലനില്‍ക്കെ വിമര്‍ശനം നടത്തുന്നവരെ പുരസ്കാര പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന നടപടി അംഗീകരിക്കാനാവില്ല. ഒഴിവാക്കപ്പെട്ട രണ്ട് ശാസ്ത്രജ്ഞരുടെ പേര് വിവരം പരസ്യപ്പെടുത്തുന്നത് ഭാവിയില്‍ അവര്‍ക്ക് ദോഷം വരുത്തുന്ന തരത്തിലേക്ക് വളരും.
ശാസ്ത്രത്തെ കേവലം രാഷ്ട്രീയ പരിഗണനയുടെ പേരില്‍ ഇകഴ്ത്തുന്ന നടപടി അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ ശാസ്ത്ര ഉപദേഷ്ടാവ് മുന്നോട്ട് വരണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ശിവ ആത്രേയ, ഇന്ദ്രനീല്‍ ബിശ്വാസ്, വിവേക് ബോര്‍കര്‍, അതിഷ് ധാബോല്‍ക്കര്‍, സുമിത് ദാസ്, അഭിഷേക് ധാര്‍, ദീപക് ധാര്‍, രാജേഷ് ഗോപകുമാര്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.