തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനുപോലും പ്രധാനമന്ത്രി മണിപ്പൂരിലേക്കില്ല. കഴിഞ്ഞ വര്‍ഷം മേയില്‍ വംശീയ ലഹള ആരംഭിച്ചതു മുതല്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ വിഷയത്തില്‍ പ്രതികരിക്കുകയോ ചെയ്യാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇംഫാലില്‍ നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത് വിര്‍ച്വലായി.
സംസ്ഥാനത്ത് 3,500 കോടിയുടെ വിവിധ വികസന പദ്ധതികളാണ് മോഡി ഉദ്ഘാടനം ചെയ്തത്. ഇംഫാലിലെ പാലസ് കോമ്പൗണ്ടിലെ സിറ്റി കണ്‍വെൻഷൻ സെന്ററില്‍ വിര്‍ച്വലായിരുന്നു പരിപാടി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അഞ്ചു സംസ്ഥാനങ്ങളില്‍ 55,600 കോടിയുടെ പദ്ധതികളുടെ പ്രഖ്യാപനം മോഡി നടത്തിയിട്ടുണ്ട്.
മണിപ്പൂരില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബീരേൻ സിങ്ങും കേന്ദ്ര സഹമന്ത്രി ആര്‍ കെ രഞ്ജൻ സിങ്ങും പറഞ്ഞു. മണിപ്പൂരിലെ മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തില്‍ ഇതുവരെ 220ഓളം പേരാണ് മരിച്ചത്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും പതിനായിരങ്ങള്‍ വീട് ഉപേക്ഷിക്കുകയും ചെയ്തു. കലാപബാധിതമായ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനോ കലാപത്തെക്കുറിച്ച് പ്രതികരിക്കുന്നതിനോ പ്രധാനമന്ത്രി ഇതുവരെ തയ്യാറാകാത്തതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു.
English Summary:Modi did not set foot in Manipur for the inauguration ceremony
You may also like this video