Site iconSite icon Janayugom Online

അഡാനിക്കായി പ്രതിരോധ നിയമവും മോഡി സര്‍ക്കാര്‍ അട്ടിമറിച്ചു

അഡാനി കമ്പനിയുടെ പുനരുപയോഗ ഊര്‍ജ പദ്ധതിക്കായി പ്രതിരോധ നിയമവും മോഡി സര്‍ക്കാര്‍ അട്ടിമറിച്ചു. ഇന്ത്യ‑പാക് അതിര്‍ത്തിക്ക് സമീപം സ്ഥാപിക്കുന്ന പുനരുപയോഗ ഊര്‍ജ പാര്‍ക്കിനായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ നിയമം അട്ടിമറിച്ചത്. ബ്രീട്ടിഷ് ദിനപത്രമായ ദി ഗാര്‍ഡിയനാണ് രാജ്യസുരക്ഷയ്ക്കടക്കം കടുത്ത ഭീഷണി ഉയര്‍ത്തുന്ന ചെയ്തി പരസ്യമാക്കിയത്. ഗുജറാത്തിലെ കവാഡ മേഖലയിലാണ് ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ പാര്‍ക്ക് സ്ഥാപിക്കാന്‍ അഡാനി കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പാകിസ്ഥാന്‍ അതിര്‍ത്തിയായ റാന്‍ ഓഫ് കച്ചിന് ഏതാനും വാര അകലെയാണ് പാര്‍ക്ക് സ്ഥാപിക്കാന്‍ പ്രതിരോധ പ്രോട്ടോക്കോളില്‍ ഇളവ് വരുത്തി, അഡാനി കമ്പനിക്ക് അനുമതി നല്‍കിയതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്ത് സര്‍ക്കാരാണ് പദ്ധതിക്കായി ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. 445 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം പാട്ടത്തിന് നല്‍കാന്‍ അനുമതി തേടി 2023 ഏപ്രിലിലാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തയച്ചത്. ശേഷം ഫയല്‍ പ്രതിരോധ മന്ത്രാലയത്തിന് കൈമാറുകയായിരുന്നു. ഏപ്രില്‍ 21ന് മിലിട്ടറി ഡയറക്ടര്‍ ജനറലും (ഓപ്പറേഷന്‍ ) ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളും, കേന്ദ്ര പുനരുപയോഗ മന്ത്രാലയം ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് അഡാനി പദ്ധതിക്ക് പച്ചക്കൊടി വീശിയത്. 

ആദ്യഘട്ടത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബൃഹത്തായ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നത് അതിര്‍ത്തി നിരീക്ഷണത്തിനും ടാങ്ക് വിന്യാസത്തിനും തടസം സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വാദിച്ചുവെങ്കിലും ഫലം കണ്ടില്ല. 2023 മേയ് എട്ടിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ കേന്ദ്രമന്ത്രാലയങ്ങള്‍ക്കും പദ്ധതിക്ക് അംഗീകാരം നല്‍കിയതായി രേഖാമൂലം അറിയിപ്പ് നല്‍കി. അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രതിരോധ സുരക്ഷയില്‍ ഇളവ് നല്‍കിയെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. പ്രതിരോധ നിയമം അഡാനിക്കായി അട്ടിമറിച്ചത് ചൈന, ബംഗ്ലദേശ്, നേപ്പാള്‍, മ്യാന്‍മര്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ മുതലെടുക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതിര്‍ത്തി മേഖലയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍കിട നിര്‍മ്മാണം പാടില്ല എന്ന നിയമം ലംഘിച്ചാണ് അനുമതി നല്‍കി. ഗുജറാത്ത് മുതല്‍ ജമ്മു കശ്മീര്‍ വരെയുള്ള 3,323 അതിര്‍ത്തി മേഖലയ്ക്ക് സമീപത്ത് ഊര്‍ജ പാര്‍ക്ക് സ്ഥാപിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ബിജെപി നേതാക്കളുടെ സമ്മര്‍ദഫലമായാണ് പ്രതിരോധ മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് ഗാര്‍ഡിയന്‍ രേഖകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നു. സൗരോര്‍ജ ഊര്‍ജ പദ്ധതി വഴി ഉല്പാദിപ്പിക്കുന്ന വൈദ്യുതി കരാര്‍ ലഭിക്കുന്നതിന് 2200 കോടി രൂപ അഡാനി കമ്പനി കൈക്കൂലി നല്‍കിയെന്ന അമേരിക്കന്‍ നിതിന്യായ വകുപ്പിന്റെ കണ്ടെത്തലും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. പകിസ്ഥാന്‍ അടക്കമുള്ള അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് അഡാനി കമ്പനിയ്ക്കായി പ്രതിരോധ സുരക്ഷയെ അട്ടമറിച്ചത്.

Exit mobile version