Site iconSite icon Janayugom Online

മോഡി സര്‍ക്കാര്‍ പരസ്യത്തിന് ചെലവഴിച്ചത് 3000 കോടി

മോഡി സര്‍ക്കാര്‍ പരസ്യത്തിന് മാത്രം ചെലവഴിച്ചത് 3000 കോടി രൂപ. 2018 മുതല്‍ ഈ മാസം 13 വരെയുള്ള കാലത്താണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് ജനപ്രീതി നേടിയെടുക്കാന്‍ പൊതുഖജനാവില്‍ നിന്ന് ഭീമമായ തുക ചെലവഴിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം അബിര്‍ രഞ്ജന്‍ ബിശ്വാസിന് നല്‍കിയ മറുപടിയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ ചെലവാക്കിയ തുകയുടെ കണക്ക് വ്യക്തമാക്കിയിരിക്കുന്നത്. 1,338.56 കോടി രൂപയാണ് പത്ര പരസ്യങ്ങള്‍ക്ക് മോഡി സര്‍ക്കാര്‍ ചെലവഴിച്ചത്.

ഇലക്ട്രോണിക്സ് മാധ്യമങ്ങള്‍ക്ക് 1,273.06 കോടി രൂപയും 452.80 കോടി രൂപ സ്വകാര്യ പരസ്യ സ്ഥാപനങ്ങള്‍ക്കും നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018- 19 കാലത്ത് നല്‍കി 1,179.16 കോടി രൂപ പരസ്യത്തിനായി ചെലവഴിച്ചത് 2022–23 കാലത്ത് 408.46 കോടിയായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ 13 വരെയുള്ള മൂന്നുമാസത്തെ കണക്ക് അനുസരിച്ച് 43.16 കോടി രൂപയാണ് പരസ്യത്തിനായി ചെലവാക്കിയിരിക്കുന്നത്. 2018–19 കാലത്താണ് മോഡി സര്‍ക്കാര്‍ ഇലക്ട്രോണിക്സ് മാധ്യമങ്ങളില്‍ പരസ്യത്തിനായി കൂടുതല്‍ തുക ചെലവഴിച്ചത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വീണ്ടും പത്രമാധ്യമങ്ങളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. 2018–19 ല്‍ ഇലക്ട്രോണിക്സ് മാധ്യമങ്ങളില്‍ 514.29 കോടി രൂപയുടെ പരസ്യം നല്‍കിയപ്പോള്‍ പത്രത്തില്‍ ഇത് 429.55 കോടി രൂപയായിരുന്നു. നഷ്ടപ്പെടുന്ന പ്രതിച്ഛായ വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി ബിജെപി അനുകൂല മാധ്യമങ്ങള്‍ക്ക് പരസ്യം വഴി കോടികള്‍ നല്‍കിയെന്ന വിവരമാണ് മന്ത്രിയുടെ പ്രസ്താവനയിലുടെ പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജിഹ്വകളായി മാറിയ ദേശീയ‑സംസ്ഥാന മാധ്യമങ്ങളെ പരോക്ഷമായി സഹായിക്കുന്ന മോഡി സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മാധ്യമങ്ങളെയും ‍സര്‍ക്കാര്‍ വിരുദ്ധ നിലപാടെടുക്കുന്ന മാധ്യമസ്ഥാപനങ്ങളെയും സ്ഥിരമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

Eng­lish Sum­ma­ry: Modi gov­ern­ment spent 3000 crores on advertisement
You may also like this video

Exit mobile version