Site iconSite icon Janayugom Online

സൂചികകളിലെ തകര്‍ച്ച മറയ്ക്കാന്‍ വാര്‍ റൂമുമായി മോഡി സര്‍ക്കാര്‍

ആഗോള പട്ടിണി സൂചിക അടക്കമുള്ളവയില്‍ പിന്നാക്കം പോയ രാജ്യത്തിന്റെ മുഖം രക്ഷിക്കാന്‍ വാര്‍ റൂം സജ്ജീകരിച്ച് മോഡി സര്‍ക്കാര്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമുള്ള വിവിധ വിഷയങ്ങളിലെ ആഗോള സൂചികയില്‍ രാജ്യം താഴ്ന്ന സ്ഥാനങ്ങളിലേക്ക് നിലം പതിച്ചത് മറച്ചുവയ്ക്കാനാണ് പ്രത്യേക പ്രതിരോധം എന്ന നിലയില്‍ വാര്‍റൂം സജ്ജമാക്കിയത്. റിപ്പോട്ടേഴ്സ് കളക്ടീവാണ് മോഡി സര്‍ക്കാരിന്റെ രഹസ്യ നീക്കം പുറത്തുവിട്ടത്. ഇതിനായി ഗുജറാത്തിലെ വിവാദ ഐടി കമ്പനിക്ക് കരാര്‍ നല്‍കി കഴിഞ്ഞതായും റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ചൂണ്ടിക്കാട്ടി.

ബിജെപിക്കായി ഓണ്‍ലൈന്‍ റെപ്യൂട്ടേഷേന്‍ മാനേജ്മെന്റ് സേവനം പ്രദാനം ചെയ്ത് വിവാദത്തിലായ ഐടി കമ്പനിക്കാണ് ആഗോള സൂചിക പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്താന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. 2023ല്‍ ആഗോള പട്ടിണി സൂചികയില്‍ രാജ്യം 125 രാജ്യങ്ങളുടെ പട്ടികയില്‍ 111-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് മോഡി സര്‍ക്കാരിന്റെ മുഖം വികൃതമാക്കിയിരുന്നു. തുടര്‍ന്നാണ് ആഗോള സൂചികകള്‍ കളവാണെന്നും രാജ്യത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സ്ഥാപിക്കാന്‍ വാര്‍ റൂം സജ്ജീകരിക്കാന്‍ മോഡി നിര്‍ദേശം നല്‍കിയത്. സര്‍ക്കാരിനെ പുകഴ്ത്തുന്ന വിദഗ്ധരുടെ സേവനവും റപ്പ് വരുത്തിയിട്ടുണ്ട്. 

ആഗോള പട്ടിണി സൂചികയിലെ ഇടിവ് കെട്ടിച്ചമച്ചതും രാജ്യത്തിന്റെ യശസ് കളങ്കമാക്കാനുമുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിച്ചത്. കുട്ടികളുടെ പോഷകഹാരക്കുറവ്, പട്ടിണി തുടങ്ങിയ 30 ഓളം ആഗോള സൂചികകളെ പ്രതിരോധിക്കാനാണ് വാര്‍ റൂം തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ഗ്ലോബല്‍ ഇന്‍ഡക്സ് ഫോര്‍ റിഫോം ഗ്രോത്ത് (ജിഐആര്‍ജി) എന്ന സംവിധാനമാണ് രൂപീകരിച്ചത്. 19 കേന്ദ്രമന്ത്രിമാരും വിവിധ മന്ത്രാലയം ഉദ്യോഗസ്ഥരും ആഗോള സംഘടനകളുടെ റിപ്പോര്‍ട്ട് വിലയിരുത്തും. രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളില്‍ പ്രതിരോധം തീര്‍ക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ആരോഗ്യം- വിദ്യാഭ്യാസം, മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ നിര്‍ണായക മേഖലകളിലാണ് ശ്രദ്ധ ചെലുത്തുക. ഇതോടൊപ്പം വിദേശ നയതന്ത്ര ബന്ധവും സമിതി നിരീക്ഷിക്കുയും കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും.

ആഗോള സൂചികള്‍ക്ക് പകരം തദ്ദേശീയ സൂചിക വികസിപ്പിച്ച് ജനങ്ങളില്‍ രാജ്യത്തിന്റെ കോട്ടം മറച്ചുപിടിക്കുന്നതിനാണ് ജിഐആര്‍ജി ഊന്നല്‍ നല്‍കുന്നത്. നിര്‍ണായക മേഖലകളിലെ വികസനം, കൈവരിച്ച നേട്ടം, പിന്നാക്കാവസ്ഥ, പ്രകടനം എന്നീ നാല് ഘടകങ്ങള്‍ വിലയിരുത്തിയാണ് ഐക്യരാഷ്ട്ര സഭ അടക്കമുള്ള ആഗോള സംഘടനകള്‍ സൂചിക തയ്യറാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പട്ടിണി, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ വളര്‍ച്ച സമീപ വര്‍ഷങ്ങളില്‍ ഗണ്യമായി ഇടിയുന്നതായി നിരവധി ആഗോള പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. 

Exit mobile version