Site iconSite icon Janayugom Online

മോഡി ഗ്യാരന്റി പൊള്ള; പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പണം നല്‍കിയില്ല

മോഡി ഗ്യാരന്റി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തരികിട മാത്രമാണെന്ന് വ്യക്തമാകുന്ന കൂടുതല്‍ രേഖകള്‍ പുറത്ത്. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ച ഭൂരിപക്ഷം പദ്ധതികള്‍ക്കും പകുതിയില്‍ താഴെ തുക മാത്രമാണ് ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ന്യൂസ് പോര്‍ട്ടല്‍ പഠനം പറയുന്നു. 2019 മുതല്‍ 2023 സാമ്പത്തിക വര്‍ഷം വരെ 906 പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ 651 പദ്ധതികള്‍ക്ക് മുഴുവന്‍ തുകയും അനുവദിച്ചില്ല. മൊത്തം പദ്ധതികളുടെ 71.9 ശതമാനം വരുമിത്. അഞ്ചിലൊന്ന് പദ്ധതികള്‍ക്കും വാഗ്ദാനം നല്‍കിയ തുകയുടെ പകുതിയോ, അതില്‍ത്താഴെയോ മാത്രമാണ് നീക്കിവച്ചത്. 75 ശതമാനം ക്ഷേമപദ്ധതികള്‍ക്കും പ്രഖ്യാപിച്ചതിലും വളരെ കുറഞ്ഞ തുകയാണ് അനുവദിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
റെയില്‍പ്പാളം നവീകരണം, റോഡ് പദ്ധതികള്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജ ഗ്രിഡ് തുടങ്ങിയ അടിസ്ഥാന വികസന പദ്ധതികളുടെ തുകയും വെട്ടിക്കുറച്ചു. അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ 73 ശതമാനത്തിനുമുള്ള ഫണ്ട് സര്‍ക്കാര്‍ വെട്ടിക്കുറച്ചു. എന്നാല്‍ പദ്ധതികളുടെ പ്രചരണത്തിനും മറ്റുമായി കോടിക്കണക്കിന് രൂപയാണ് പരസ്യ ഇനത്തില്‍ ചെലവഴിക്കുന്നത്. ബജറ്റ് പ്രഖ്യാപനം നടത്തി മാധ്യമശ്രദ്ധയും പരസ്യങ്ങളിലൂടെ ജനശ്രദ്ധയും ആകര്‍ഷിക്കുകയാണ് മോഡി സര്‍ക്കാരിന്റെ ‘ഭരണനിര്‍വഹണം’.

രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, മൂന്ന് കോടി ചെറുകിട വ്യാപാരികള്‍ക്കും കടയുടമകള്‍ക്കും പെന്‍ഷന്‍ പ്രഖ്യാപിച്ചിരുന്നു. പ്രധാന്‍ മന്ത്രി കരം യോഗിമാന്‍ ധന്‍ എന്ന് പേരിട്ട പദ്ധതി വലിയ കയ്യടിനേടി. ഒരു മാസം 3000 രൂപയായിരുന്നു പെന്‍ഷന്‍ തുക. ആദ്യ കൊല്ലം ഇതിനായി 750 കോടി വകയിരുത്തി. എന്നാല്‍ ചെലവഴിച്ചത് 155.9 കോടി മാത്രം. ബാക്കി 594 കോടി അനുവദിച്ചില്ല. അഞ്ച് കൊല്ലം പിന്നിടുമ്പോള്‍ 1,133 കോടി അനുവദിക്കുമെന്ന് ഉറപ്പ് നല്‍കിയിടത്ത് 162 കോടി മാത്രമാണ് അനുവദിച്ചത്. മൊത്തം തുകയുടെ 14 ശതമാനം.
സര്‍ക്കാര്‍ രേഖകളനുസരിച്ച് 2023 ജനുവരി വരെ 50,000ത്തിലധികം ഗുണഭോക്താക്കളാണ് ഈ പദ്ധതിക്ക് കീഴിലുണ്ടായിരുന്നത്. പദ്ധതി പരാജയപ്പെടാന്‍ കാരണമെന്താണെന്ന് 2023 മാര്‍ച്ചില്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തു. പേരുമായി സാമ്യമുള്ള മറ്റൊരു പദ്ധതി (പ്രധാന്‍ മന്ത്രി ശരണ്‍ യോഗിമാന്‍ ധന്‍) നിലവിലുള്ളത് തിരിച്ചടിയായെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിചിത്രമായ മറുപടി.

അസംഘടിത മേഖലയിലെ 42 കോടി തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയാണ് പ്രധാന്‍ മന്ത്രി ശരണ്‍ യോഗിമാന്‍ ധന്‍. എന്നാല്‍ ഇതും വലിയ പരാജയമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പദ്ധതി തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴും 43 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെന്‍ഷന്‍ നല്‍കിയത്. ഇതേക്കുറിച്ചും പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.
അസംഘടിത തൊഴിലാളികള്‍ക്കായി 2015ല്‍ അടല്‍ പെന്‍ഷന്‍ യോജന ആരംഭിച്ചിരുന്നെന്നും ഈ പദ്ധതിക്ക് ശേഷം ആരംഭിച്ച രണ്ട് പദ്ധതികള്‍ ലക്ഷ്യമിട്ട ഗുണഭോക്താക്കള്‍ അടല്‍ പെന്‍ഷന്റെ ഭാഗമാണെന്നുമാണ് സര്‍ക്കാര്‍ മറുപടി കൊടുത്തത്.
അടല്‍ പെന്‍ഷന്‍ യോജനയ്ക്കെതിരെയും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗുണഭോക്താക്കളുടെ അനുമതിയില്ലാതെയാണ് പലരെയും പദ്ധതിയില്‍ ചേര്‍ത്തതെന്നായിരുന്നു പ്രധാന ആക്ഷേപം. പദ്ധതി വിജയമാണെന്ന് വരുത്തി തീര്‍ക്കാനാണ് പലരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Eng­lish Summary:Modi guar­an­tee hol­low; The announced projects were not funded
You may also like this video

Exit mobile version