തുര്‍ക്കിയുടെ ഇസ്ലാമാബാദുമായുള്ള ബന്ധവും കശ്മീര്‍ വിഷയത്തിലെ ഇടപെടലും മാറ്റിവെച്ച് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം വളര്‍ത്താന്‍ മോഡിയുടെ നീക്കം. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) സമ്മിറ്റ് സമാപനത്തോടെയായിരുന്നു സമര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. അര്‍മേനിയ, അസര്‍ബൈജാന്‍, കംബോഡിയ, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ എസ്സിഒയുടെ സംഭാഷണ പങ്കാളികളില്‍ ഒന്നാണ് തുര്‍ക്കി.
മൂന്ന് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചക്ക് വഴിയൊരുങ്ങിയത്. 2021ല്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലറ്റ് സാവുസോഗ്ലുവുമായി താജിക്കിസ്ഥാനില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും 2017‑ല്‍ പ്രസിഡന്റ് എര്‍ദോഗന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ നേരില്‍ കാണുന്നത്. കൂടിക്കാഴ്ചയില്‍, ഇരു രാജ്യങ്ങളും തങ്ങളുടെ വ്യാപാര ബന്ധം വര്‍ദ്ധിപ്പിക്കാനും സ്വതന്ത്ര വ്യാപാര കരാറിന്റെ സാധ്യതകള്‍ വിപുലപ്പെടുത്താനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ നാറ്റോ അംഗമായ തുര്‍ക്കി 2019 ല്‍ യുഎന്‍ പൊതുസഭയില്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. 2020 ലെ പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍, കശ്മീര്‍ വിഷയത്തില്‍ ഇസ്ലാമാബാദിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ കശ്മീരികളുടെ ‘സമരത്തെ’ ഒന്നാം ലോകമഹായുദ്ധസമയത്ത് തന്റെ രാജ്യത്തു നടന്ന സമരവുമായാണ് ഉപമിച്ചത്.
എന്നാല്‍ കശ്മീരിനെ കുറിച്ചുള്ള തുര്‍ക്കിയുടെ അഭിപ്രായപ്രകടനങ്ങളെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കടുത്ത ഇടപെടലെന്നും ഇത് അംഗീകരിക്കാന്‍ പറ്റാത്തതാണെന്നുമാണ് ഇന്ത്യ വിശേഷിപ്പിച്ചത്. തുടര്‍ന്ന് ഉഭയകക്ഷി ബന്ധത്തിന് മങ്ങലേല്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി 2019 ലെ തുര്‍ക്കി സന്ദര്‍ശനം പോലും റദ്ദാക്കിയിരുന്നു.
English summary; Modi held bilateral talks with Turkish President without discussing Kashmir
You may also like this video;