Site iconSite icon Janayugom Online

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയം തന്റേതാക്കാന്‍ മോഡി നടത്തിയത് ഒമ്പത് റാലികള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്ക് പിന്നാലെ എട്ട് ദിവസത്തിനിടെ ഒമ്പത് റാലികള്‍ നടത്തി സൈനിക വിജയം തന്റേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമവുമായി നരേന്ദ്ര മോഡി. ആറ് സംസ്ഥാനങ്ങളിലായി മേയ് 22 മുതല്‍ 31 വരെ നടത്തിയ റാലികളിലാണ് സൈനിക വിജയം സ്വന്തം നേട്ടമായി മോഡി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനോ, അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണോ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് വെളിപ്പെടുത്താനോ മോഡി തയ്യാറായില്ല.പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂറിനെ പ്രതിപക്ഷം പിന്തുണച്ചതിന് പിന്നാലെയാണ് മോഡി പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് തന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. നിരവധി തവണ ട്രംപ് ആവര്‍ത്തിച്ചിട്ടും ഇത് ഖണ്ഡിക്കാന്‍ ന്യൂഡല്‍ഹി ഇതുവരെ തയ്യാറായിട്ടില്ല. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ , പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ക്രെഡിറ്റ് സ്വന്തം പേരിലേക്ക് മാറ്റാന്‍ മോഡി റാലി നടത്തിയത്.

ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച ആയുധങ്ങളുടെ പ്രഹരശേഷിയെ പുകഴ്ത്തിയ അദ്ദേഹം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ വാനോളം പുകഴ്ത്തി. പഹല്‍ഗാമില്‍ രാജ്യത്തെ സ്ത്രീകള്‍ നേരിട്ട അപമാനത്തിന് പകരമായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതെന്നും റാലികളില്‍ വീമ്പിളക്കി. പാകിസ്ഥാനുമായുള്ള സൈനിക നടപടി, ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ട സംഭവം അടക്കമുള്ള വിഷയം പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെയാണ് മോഡി റാലിക്ക് ആരംഭം കുറിച്ചത്. 

രാജസ്ഥാനിലെ ബിക്കാനീറില്‍ നടന്ന റാലിയില്‍ തന്റെ സിരകളില്‍ ഒഴുകുന്നത് രക്തമല്ല ചൂടുള്ള സിന്ദൂരമാണ് എന്നായിരുന്നു മോഡിയുടെ ഗീര്‍വാണം. ഗുജറാത്തിലെ ദഹോദ്, ഭുജ്, ഗാന്ധിനഗര്‍, സിക്കിം, ബംഗാളിലെ അലിപൂര്‍ദൂ വാര്‍, ബിഹാറിലെ കാരക്കാട്ട്, ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍, മധ്യപ്രദേശിലെ ഭോപ്പാല്‍ എന്നിവിടങ്ങളിലായിരുന്നു റാലി സംഘടിപ്പിച്ചത്. പഹല്‍‍ഗാമില്‍ തീവ്രവാദികള്‍ ഇന്ത്യക്കാരുടെ രക്തം ചിന്തിയെന്ന് മാത്രമല്ല, നമ്മുടെ സംസ്കാരിനെതിരെ ആക്രമണം അഴിച്ചുവിട്ടുവെന്നും മോഡി പ്രസംഗിച്ചു.

സൈനിക വിജയത്തിന്റെ മൊത്തം ക്രെഡിറ്റും തന്റേതാണെന്ന വിധത്തിലായിരുന്നു റാലികളില്‍ മോഡിയുടെ ശരീരഭാഷ. എന്നാല്‍ കേണല്‍ സോഫിയ ഖുറൈഷിയെക്കുറിച്ച് മധ്യപ്രദേശ് മന്ത്രി കുന്‍വര്‍ വിജയ് ഷാ നടത്തിയ അപകീര്‍ത്തി പരാമര്‍ശം, ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദയുടെ, സൈന്യം മോഡിയുടെ കാല്‍തൊട്ട് വന്ദിക്കണമെന്ന വിവാദ പരാമര്‍ശം തുടങ്ങിയവയില്‍ മൗനം പാലിച്ചു. സൈനിക വിജയത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ വിലകുറഞ്ഞ നടപടിക്കെതിരെ നേരത്തെ വിരമിച്ച മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരുന്നു. 

Exit mobile version