അധികാരം പൂര്‍ണമായും തന്നില്‍ മാത്രം കേന്ദ്രീകരിച്ച് പ്രധാനമന്ത്രി മോഡി രാജ്യത്തിന്റെ ഫെഡറല്‍ ചട്ടക്കൂടിനെയും ജനാധിപത്യ സംവിധാനങ്ങളെയും തച്ചുടയ്ക്കുകയാണെന്ന് സിപിഐ‑എംഎല്‍ ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ. പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാര്‍ സംഘടനകളെ നിയമങ്ങള്‍ ബാധകമല്ലാത്ത സദാചാര നീതിപീഠങ്ങളും നിയമപാലകരുമായി അഴിച്ചു വിട്ടിരിക്കുന്നു. സമ്പത്ത് കുമിഞ്ഞ് കൂട്ടിയിരിക്കുന്ന അതിസമ്പന്നര്‍ രാജ്യത്ത് അധികാര കേന്ദ്രങ്ങളായി മാറുകയാണ്. കേന്ദ്ര ഭരണകൂടം ശതകോടീശ്വരന്മാരുടെ പിണിയാളായി അധഃപതിച്ചു.
സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ദുരവസ്ഥയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ച് ശക്തമായ ജനാധിപത്യ അടിത്തറയില്‍ പുനഃസൃഷ്ടിക്കാനാകണം. ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന പ്രമാണങ്ങള്‍ സാക്ഷാല്ക്കരിച്ച് രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ ഇടതുപക്ഷത്തിന് കഴിയണം. രണ്ടാം സ്വാതന്ത്രസമര മുന്നേറ്റമായി തിരിച്ചറിഞ്ഞ് സര്‍വകരുത്തും സമാഹരിച്ച് പോരാടണം, അദ്ദഹം വിശദീകരിച്ചു. സാമ്രാജ്യത്വം ഭരണകൂടത്തിന്റെ പിന്‍ബലത്തില്‍ തുടരുന്ന ചൂഷണത്തിനും പൊതുമേഖലയുടെ സ്വകാര്യവല്ക്കരണത്തിനും എതിരെ ജനങ്ങളെ ഏകോപിപ്പിച്ച് വലിയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും ദീപാങ്കര്‍ ഭട്ടാചാര്യ വ്യക്തമാക്കി.
English Summary:Modi is destroying democratic systems: Dipankar Bhattacharya
You may also like this video