Site iconSite icon Janayugom Online

മോഡി പിന്നാക്കക്കാരനല്ല: ജനിച്ചത് ഒബിസി സമുദായത്തില്‍ അല്ലെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോഡി ഒബിസി വിഭാഗത്തിൽ ജനിച്ച വ്യക്തിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒബിസി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ ത്സാർസുഗുഡയില്‍ ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡി ജനിച്ചത് ജനറൽ സമുദായത്തിലാണ്. അദ്ദേഹം മോധ് ഘഞ്ചി സമുദായാംഗമാണ്. 2000 ത്തിൽ ബിജെപി ഗുജറാത്ത് ഭരിച്ച സമയത്താണ് ഈ സമുദായത്തെ ഒബിസി വിഭാഗത്തിൽപ്പെടുത്തുന്നത്. അല്ലാതെ ജനനം കൊണ്ട് അദ്ദേഹം ഒബിസിക്കാരനല്ലെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി അടുത്തിടെ പാർലമെന്റിൽ ‘സബ്‌സേ ബഡാ ഒബിസി’ (ഏറ്റവും വലിയ ഒബിസി) എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു. 

അതേസമയം രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. നരേന്ദ്ര മോഡി ഉള്‍പ്പെടുന്ന മോധ് ഘഞ്ചി ജാതി, ഗുജറാത്ത് സര്‍ക്കാരിന്റെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന്റെയും ഒബിസിയുടെയും പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. 

ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് മോധ് ഘഞ്ചി ജാതിയെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. മാത്രമല്ല, ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം വന്നത് 2000 ഏപ്രില്‍ നാലിനാണ്. ഈ രണ്ട് വിജ്ഞാപനങ്ങളും വന്ന സമയത്ത് നരേന്ദ്ര മോഡി അധികാരത്തിലുണ്ടായിരുന്നില്ലെന്നും കുറിപ്പിലുണ്ട്.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ബിജെപി സർക്കാരാണ് ഈ സമുദായത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് എന്ന ഭാഗം മാത്രമാണ് നിഷേധിക്കപ്പെടുന്നത്. എന്നാൽ, നരേന്ദ്ര മോഡി ജനിക്കുന്ന സമയത്ത് ഈ സമുദായം ഒബിസി ആയിരുന്നില്ല എന്ന രാഹുൽ ഗാന്ധിയുടെ പരാമർശം കുറിപ്പ് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. 

Eng­lish Sum­ma­ry: Modi is not back­ward: Rahul Gand­hi says Modi was not born in OBC community

You may also like this video

Exit mobile version