Site iconSite icon Janayugom Online

മോടി കൂടും പാലക്കയം തട്ടിന്, ഒരു കോടി രൂപ അനുവദിച്ചു

മലയോരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിന് മോടി കൂടുന്നു. അടിസ്ഥാനസൗകര്യ വികസനത്തിന് ഒരുകോടി രൂപ അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പ്രഖ്യാപിച്ചു. സമുദ്രനിരപ്പിൽനിന്ന് 3500-ലധികം അടി ഉയരത്തിൽ എട്ട് ഏക്കർ പ്രദേശത്താണ് പാലക്കയംതട്ട് സ്ഥിതിചെയ്യുന്നത്. മഞ്ഞും മഴയും ചേർന്നൊരുക്കുന്ന മനോഹര കാഴ്ചകളുള്ള ഇവിടെ കഴിഞ്ഞ കുറച്ചു നാളുകളായി അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാലും മറ്റ് വിനോദ സാമഗ്രികൾ നശിച്ചതിനാലും ആളുകളെത്തുന്നത് കുറഞ്ഞിരുന്നു. 

ഈ സാഹചര്യത്തിലാണ് ഇരിക്കൂറിലെ ടൂറിസം വികസനത്തിന് മുതൽക്കൂട്ടാവുന്ന പുതിയ പ്രഖ്യാപനം വന്നത്. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം വികസനം ലക്ഷ്യമാക്കി പാലക്കയംതട്ട്-പൈതൽമല‑കാഞ്ഞിരക്കൊല്ലി-കാപ്പിമല എന്നീ ടൂറിസം കേന്ദ്രങ്ങൾ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രവർത്തനങ്ങളും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാപ്പിമല, കാലാങ്കി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യ വികസനം ഉറപ്പുവരുത്താൻ കർമപദ്ധതികളാണ് ആദ്യഘട്ടമെന്നനിലയിൽ നടത്തുക. വനം വകുപ്പുമായി ചേർന്നാണ് വികസനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്യുന്നത്. 

Exit mobile version