Site icon Janayugom Online

മോഡി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ ജാമ്യം ഏപ്രില്‍ 13 വരെ നീട്ടി

ക്രിമിനൽ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ നല്കിയ അപ്പീലിലാണ് സെഷൻസ് കോടതി നടപടി. അപ്പീലിൽ വാദം കേൾക്കുന്നത് ഈ മാസം 13 ലേക്ക് മാറ്റി. നേതാക്കൾക്കൊപ്പം സൂറത്തിൽ നേരിട്ടെത്തിയാണ് രാഹുൽ അപ്പീൽ നൽകിയത്.

‘മോഡി’ എന്ന കുടുംബപ്പേരുള്ളവർ കള്ളൻമാരാണെന്ന പരാമർശം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് ബിജെപി നേതാവ് പൂർണേഷ് മോഡി നൽകിയ മാനനഷ്ടക്കേസിലാണ് രാഹുലിന് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചത്. തുടര്‍ന്ന് വയനാട് എംപിയായിരുന്ന രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കുകയും ചെയ്തു. ശിക്ഷ റദ്ദാക്കണമെന്ന രാഹുലിന്റെ ആവശ്യത്തില്‍ ഏപ്രിൽ 10നകം മറുപടി സമർപ്പിക്കാൻ പൂർണേഷ് മോഡിയോട് സൂറത്ത് സെഷന്‍സ് കോടതി ആവശ്യപ്പെട്ടു. വലിയ പൊലീസ് സന്നാഹമാണ് രാവിലെ മുതൽ സെഷൻസ് കോടതിക്ക് പുറത്ത് ഒരുക്കിയത്. രാഹുലിനെ പിന്തുണച്ച് കോടതിയില്‍ എത്താനിരുന്ന നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.

ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് എടുക്കുകയും അതില്‍ പരമാവധി ശിക്ഷ വിധിക്കുകയും ചെയ്യുന്നത് അസാധാരണമാണെന്ന് രാഹുല്‍ ഗാന്ധി അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തില്‍ ഗുജറാത്തില്‍ കേസെടുത്തത് അധികാരപരിധി ലംഘിച്ചുള്ള നടപടിയാണെന്നും അപ്പീലില്‍ പറയുന്നുണ്ട്.

Eng­lish Summary:Modi men­tions; Rahul Gand­hi’s bail has been extend­ed till April 13

You may also like this video

Exit mobile version