Site iconSite icon Janayugom Online

വീണ്ടും വിമര്‍ശനവുമായി പരകാല പ്രഭാകര്‍; മോഡി ഏകാധിപത്യത്തിന്റെ പാതയില്‍

parakalaparakala

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഞ്ചാരം ഏകാധിപത്യത്തിന്റെ പാതയിലെന്ന് സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍. ബിജെപി മൂന്നാം വട്ടവും അധികാരത്തില്‍ വരുന്ന പക്ഷം സ്വതന്ത്ര ഇന്ത്യയിലെ അവസാന തെരഞ്ഞടുപ്പാകും ഇത്തവണ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജെപി 230 സീറ്റിലധികം വിജയിക്കില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. 

മാധ്യമ പ്രവര്‍ത്തകനായ ദീപക് ശര്‍മ്മയുമായി എക്സില്‍ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം മോഡിക്കും ബിജെപിക്കും എതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. 400 സീറ്റ് എന്‍ഡിഎ സഖ്യം കരസ്ഥമാക്കുമെന്ന അവകാശവാദം വെറും തന്ത്രമാണ്. കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും പിടിച്ചുകുലുക്കിയ ഇലക്ടറല്‍ ബോണ്ട് വിഷയം ബിജെപിക്ക് തിരിച്ചടി സൃഷ്ടിക്കും. രാജ്യത്തെ ജനങ്ങള്‍ ആകെ ഇതിന്റെ കള്ളക്കളികള്‍ മനസിലാക്കി ക്കഴിഞ്ഞു. ബോണ്ട് വഴി കോടിക്കണക്കിന് രൂപ ലഭിച്ച ബിജെപിക്ക് അത് തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാക്കുന്ന വിധത്തിലേക്ക് പരിണമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

തുടര്‍ച്ചയായ മൂന്നാം വട്ടവും ബിജെപി അധികാരത്തില്‍ വരുന്ന പക്ഷം മോഡി ഏകാധിപത്യ രീതിയിലേക്ക് മാറും. അതോടെ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ എല്ലാം തകിടം മറിയുകയും തെരഞ്ഞെടുപ്പ് സംവിധാനം എന്നേയ്ക്കുമായി അവസാനിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്ക്-മണിപ്പൂര്‍ പോലെയുള്ള സാഹചര്യം രാജ്യത്ത് വീണ്ടും ഉടലെടുക്കും. ഇന്ത്യയുടെ ഭരണഘടന തന്നെ മാറും. രാജ്യത്തിന്റെ ഭൂപടത്തില്‍ പോലും മാറ്റമുണ്ടാകുമെന്നും പരകാല പ്രഭാകര്‍ മുന്നറിയിപ്പ് നല്‍കി.

Eng­lish Sum­ma­ry: Modi on the Path of Dictatorship

You may also like this video

Exit mobile version