Site iconSite icon Janayugom Online

അമേരിക്കയുടെ മധ്യസ്ഥത തള്ളി മോഡി; ട്രംപുമായി സംസാരിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി.കശ്മീർ വിഷയത്തിൽ അമേരിക്കയുടെ മധ്യസ്ഥത പ്രധാനമന്ത്രി തള്ളി. ഇന്ത്യ ഒരിക്കലും ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നുംപാകിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് വെടി നിർത്തൽ ധാരണയിലേക്ക് എത്തിയതെന്നും ട്രംപിനോട് മോഡി വ്യക്തമാക്കി. 35 മിനിട്ട് നീണ്ട സംഭാഷണത്തിൽ ഇറാൻ‑ഇസ്രയേൽ സംഘർഷവും ചർച്ചയായി.

പാകിസ്ഥാന് തക്കതായ മറുപടി നൽകിയെന്ന് മോഡി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്നും പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചു.

26 പേരുടെ മരണത്തിനു കാരണമായ പഹൽഗാമിലെ ഭീകരാക്രമണത്തിൽ ട്രംപ് അനുശോചനം രേഖപ്പെടുത്തി. ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. ട്രംപിന് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാൽ ഈ കൂടിക്കാഴ്ച നടന്നില്ല. ഇതിനുശേഷം, ട്രംപിന്റെ അഭ്യർഥനപ്രകാരം, ഇന്ന് ഇരു നേതാക്കളും ഫോണിൽ സംസാരിക്കുകയായിരുന്നു.

Exit mobile version