Site iconSite icon Janayugom Online

മോഡി സാരിയുടുത്ത ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു; കോണ്‍ഗ്രസ് നേതാവിനെ ബലം പ്രയോഗിച്ച് സാരിയുടുപ്പിച്ചു ബിജെപി പ്രവര്‍ത്തകര്‍

പ്രധാനമന്ത്രി നരേന്ദ്രമോഡി സാരിയുടുത്ത തരത്തിൽ മോര്‍ഫ് ചെയ്ത ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിനെ ബലം പ്രയോഗിച്ച് സാരിയുടുപ്പിച്ച് ബിജെപി പ്രവർത്തകർ. മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിലാണ് സംഭവം. മോഡിയെ അപമാനിച്ചതിന് പ്രതികാരമായാണ് ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവ് പ്രകാശ് പഗാരെയെ പരസ്യമായി സാരി ഉടുപ്പിച്ചത്. ഇതോടെ പ്രദേശത്ത് ബിജെപി–കോൺഗ്രസ് പ്രവർത്തക തമ്മിൽ സംഘർഷം ഉടലെടുത്തു.

 

‘പെണ്‍കുട്ടികളേ ക്ഷമിക്കണം, എനിക്കും ട്രെന്‍ഡില്‍ തുടരണം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. പഗാരെ പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപിയുടെ കല്യാണ്‍ ജില്ലാ ഘടകത്തില്‍ നിന്ന് പോസ്റ്റിനെതിരെ രൂക്ഷമായ പ്രതികരണമുണ്ടായി. ബിജെപിയുടെ കല്യാൺ ജില്ലാ പ്രസിഡന്റ് നന്ദു പരബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

 

പ്രധാനമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് മോശമായി പോസ്റ്റ് ചെയ്യുന്നത് കുറ്റകരമാണെന്നും ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ പാർട്ടി കൂടുതൽ ശക്തമായ മറുപടി നൽകുമെന്നും പരബ് മുന്നറിയിപ്പ് നൽകി. എന്നാൽ, ബിജെപിയുടെ നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. പരാതിയുണ്ടെങ്കിൽ പൊലീസിൽ നൽകണമായിരുന്നുവെന്നാണ് കോൺഗ്രസിന്റെ വാദം. ബിജെപിയുടെ പ്രവൃത്തി ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണെന്നും കോൺഗ്രസ് ആരോപിച്ചു.

Exit mobile version