Site iconSite icon Janayugom Online

വെടിനിർത്തലിൽ അമേരിക്കയുടെ പങ്കെന്തെന്ന് മോഡി വ്യക്തമാക്കണം: ബിനോയ് വിശ്വം

ഇന്ത്യ‑പാക് വെടിനിർത്തലിൽ അമേരിക്കൻ പ്രസിഡന്റ് വഹിച്ച പങ്ക് എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക നേതാക്കളെല്ലാം മോഡിയോട് ഈ ചോദ്യം ഉന്നയിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ജന്മശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ‘പാട്ടബാക്കി’ നാടകത്തിന്റെ 88-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താനാണ് ഇന്ത്യ‑പാക് വെടിനിർത്താൻ കാരണക്കാരന്‍ എന്നും ആണവയുദ്ധം ഉണ്ടാവുമായിരുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് രണ്ടു തവണ പറഞ്ഞു. ഇത് സത്യമല്ലെങ്കിൽ അദ്ദേഹം പറഞ്ഞത് ഒരു പൊളിറ്റിക്കൽ ബ്ലണ്ടർ ആണെന്നു പറയേണ്ടിവരും. ഇന്ത്യ‑കശ്മീർ പ്രശ്നത്തെ അന്താരാഷ്ട്രവൽക്കരിക്കാൻ മോഡി അനുവാദം കൊടുത്തു എന്നു മനസിലാക്കേണ്ടി വരും. ഇന്ത്യ‑പാക് പ്രശ്നത്തിൽ ഒരു മൂന്നാംകക്ഷിയെ ഇടപ്പെടുവിക്കാൻ പാടില്ല എന്നതാണ് ഇന്ത്യയുടെ നിലപാട്. അതാണ് മോഡി തകർത്തിരിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത് വങ്കത്തരമാണ് എന്ന് പറയാനുള്ള ആർജവം ഇന്ത്യൻ പ്രധാനമന്ത്രിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. സിപിഐ (എം) ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ എം കെ നബീൽ എന്നിവർ സംസാരിച്ചു. സിപിഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ പി മുഹമ്മദ് ബഷീർ സ്വാഗതവും വി എം മനോജ് നന്ദിയും പറഞ്ഞു. ‘കേരളം പാട്ടബാക്കിക്ക് ശേഷം’ എന്ന വിഷയത്തിൽ സെമിനാറില്‍ സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി വിഷയാവതരണം നടത്തി. സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം ഇ എം സതീശൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തക ഗീതാ നസീർ സംസാരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് പാട്ടബാക്കി നാടകം അവതരിപ്പിച്ചു.

Exit mobile version