Site iconSite icon Janayugom Online

മോഡി ഒമ്പതാം തവണ യുഎസിലേക്ക്; 10 വര്‍ഷത്തിനിടെ 138 വിദേശയാത്ര

പ്രധാനമന്ത്രിയായ ശേഷം 10 വര്‍ഷത്തിനിടെ നരേന്ദ്ര മോഡി 68 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കുമായി 138 സന്ദര്‍ശനങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്. ചതുഷ്കോണ സുരക്ഷാ ഉച്ചകോടിയുടെ ഭാഗമായി ഈമാസം 21 മുതല്‍ 23 വരെ പ്രധാനമന്ത്രി നരന്ദ്ര മോഡി അമേരിക്ക സന്ദര്‍ശിക്കുന്നതിന് മുമ്പായാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനിസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും അമേരിക്കയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കും. മോഡിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

പ്രസിഡന്റായിരുന്ന കാലത്ത് ചൈനയുടെ വ്യാപാരത്തിനെതിരെ നടത്തിയതുപോലെ ഇന്ത്യയുടെ വ്യാപാര നയങ്ങളെ അടുത്തിടെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നിരുന്നാലും മോഡിയെ പ്രശംസിക്കാനും മറന്നില്ല. പ്രഡിഡന്റായിരുന്ന കാലം മുതലേ ട്രംപും മോഡിയും തമ്മില്‍ നല്ല ബന്ധത്തിലാണ്. പ്രധാനമന്ത്രിയായ ശേഷം മോഡിയുടെ ഒമ്പതാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണ് ഈ മാസം നടക്കുന്നത്. ജപ്പാനിലും യുകെയിലും ഏഴ് തവണ വീതവും റഷ്യയിലും ജര്‍മ്മനിയിലും ആറ് തവണ വീതവും സന്ദര്‍ശനം നടത്തി. മോഡി ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ചത് ഇന്ത്യയുടെ സഖ്യകക്ഷി രാഷ്ട്രങ്ങളാണ്.

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം അന്താരാഷ‍്ട്ര ബന്ധങ്ങള്‍ വഷളായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു തവണ ഉക്രെയ്നില്‍ പോയി. കഴിഞ്ഞ മാസം റഷ്യന്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഇത്. പോളണ്ട് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു റഷ്യയിലെത്തിയത്. 45 കൊല്ലത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്. 

Exit mobile version