Site icon Janayugom Online

വിറച്ചു ജയിച്ച് മോഡി; പാര്‍ട്ടിയിലെ അപ്രമാദിത്വത്തിന് തിരിച്ചടി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പൂര്‍ത്തിയാകുമ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ നേടിയിട്ടുണ്ടെങ്കിലും, അടിപതറിയ നിലയിലാണ് ഭരണകക്ഷി. തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ജയിച്ചത് വിറച്ചുവിറച്ചാണ്. അതേസമയം പാര്‍ട്ടിയിലെ രണ്ടാമനായി അറിയപ്പെടുന്ന അമിത് ഷാ ഏഴരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടി. മോഡി തരംഗം അവസാനിച്ചുവെന്നും വര്‍ഗീയതയെ ജനം അവസരം കിട്ടിയാല്‍ പുറത്താക്കുമെന്നും തെളിയിക്കുന്നതായി വാരാണസി മണ്ഡലത്തില്‍ നരേന്ദ്ര മോഡിയുടെ തിളക്കംകെട്ട വിജയം. തെരഞ്ഞെടുപ്പ് നേട്ടത്തിനായി മോഡി സംഘം മൂന്ന് പതിറ്റാണ്ടായി ഉയര്‍ത്തുന്ന അയോധ്യ ക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലം പോലും അവരെ കെെവിട്ടു. അവിടെ എസ്‌പി സ്ഥാനാര്‍ത്ഥി അവധേഷ് പ്രസാദാണ് വിജയിച്ചത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ കോണ്‍ഗ്രസിലെ അജയ് റായ്, നരേന്ദ്ര മോഡിയെ ശരിക്കും വിറപ്പിച്ചു. ആദ്യ റൗണ്ടിൽ 11,480 വോട്ട് നേടി അജയ് റായ് മുന്നിൽ വന്നപ്പോൾ നരേന്ദ്ര മോഡിക്ക് 5,257 വോട്ട് മാത്രമാണ് ലഭിച്ചത്. 6,223 വോട്ടിനാണ് പ്രധാനമന്ത്രി പിന്നിലായത്. പിന്നീട് പതുക്കെ മുന്നിലെത്തിയ മോഡി 1,52,513 വോട്ടിനാണ് ജയിച്ചത്. 2019ൽ 4.7 ലക്ഷത്തിലേറെ വോട്ടിനായിരുന്നു മോഡിയുടെ വിജയം. 2014ൽ 3.7ലക്ഷത്തിലേറെയും ഭൂരിപക്ഷം നേടിയിരുന്നു. രാമക്ഷേത്രം ഉൾപ്പെടെ വൈകാരിക വിഷയങ്ങളും വാരാണസിയിൽ മത്സരിക്കുന്നതിലൂടെ ലക്ഷ്യമിട്ട ‘മോഡി ഇഫക്ടും’ ജനം തള്ളിയതോടെ ബിജെപി വൻ മുന്നേറ്റം പ്രതീക്ഷിച്ച ഉത്തർപ്രദേശിൽ സീറ്റുകള്‍ പകുതിയോളം കുറഞ്ഞു. 

കഴിഞ്ഞ തവണ 62 സീറ്റുകൾ നേടിയ സംസ്ഥാനത്ത് 33 സീറ്റുകളില്‍ മാത്രമാണ് മുന്നിലെത്താനായത്. സമാജ്‌വാദി പാർട്ടി 37 സീറ്റിലും കോൺഗ്രസ് ആറ് സീറ്റിലും മുന്നിലെത്തി. 2019ല്‍ എസ്‌പിക്ക് അഞ്ചും കോൺഗ്രസിന് ഒരു സീറ്റുമായിരുന്നു.
മോഡി മന്ത്രിസഭയിലെ പ്രധാനികളില്‍ ഒരാളായ സ്മൃതി ഇറാനി അമേഠി മണ്ഡലത്തില്‍ തോറ്റു. 2019ൽ രാഹുൽ ​ഗാന്ധിയെ 55,000 വോട്ടിന് തോല്പിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ സ്മൃതിയെ കോണ്‍ഗ്രസിലെ കിശോരി ലാൽ ആണ് തറപറ്റിച്ചത്. ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് കിഷോരി ലാൽ മുന്നിലെത്തിയത്. കാല്‍ നൂറ്റാണ്ടിനിടെ ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരാൾ കോണ്‍ഗ്രസിനുവേണ്ടി അമേഠിയിൽ മത്സരിക്കുന്നത് ആദ്യമായാണ്. റായ്ബറേലി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷത്തിനടുത്താണ്.

മോഡിയുടെ പ്രഭാവം മങ്ങിയപ്പോള്‍ പാര്‍ട്ടിയില്‍ തന്റെ സാന്നിധ്യം ഉറപ്പിക്കുന്ന തരത്തില്‍ ഉയര്‍ന്ന ഭൂരിപക്ഷം നേടി കേന്ദ്ര മന്ത്രി അമിത് ഷാ ജയിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ സീറ്റിൽ ഏഴരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്. അമിത്ഷാ 10,10,972 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ സൊണാൽ പട്ടേലിന് 2,66,256 വോട്ട് നേടാനേ കഴിഞ്ഞുള്ളു. ഷായുടെ ഭൂരിപക്ഷം 7,44,716. വാജ്പേയ്, എല്‍ കെ അഡ്വാനി തുടങ്ങിയവര്‍ വിജയിച്ച മണ്ഡലമാണ് ഗാന്ധി നഗര്‍.
യുപിയിലെ ദയനീയ പരാജയം, സ്വന്തം ഭൂരിപക്ഷത്തിലെ ഇടിവ്, മുന്നണിയുടെ തിരിച്ചടി എന്നിവയെല്ലാം പാര്‍ട്ടിയിലെ മോഡിയുടെ അപ്രമാദിത്വത്തിന് തടയിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 75 എന്ന പ്രായപരിധിയും തടസമാകുന്നതോടെ എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ത്തന്നെ അമിത് ഷായാേ നിതിന്‍ ഗഡ്കരിയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നും വിലയിരുത്തലുണ്ട്.

Eng­lish Summary:
You may also like this video

Exit mobile version