നരേന്ദ്ര മോഡി സർക്കാർ രാജ്യത്തെ സൈന്യത്തിന്റെയും പ്രതിരോധ സംവിധാനത്തിന്റെയും പേരിൽ കാണിച്ചുകൂട്ടുന്ന കസർത്തുകളും വാചാടോപങ്ങളും കപടമെന്ന് തെളിയുന്നു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ഉൾപ്പെടെ സെെനിക തലവൻമാരുടെ തസ്തിക മാസങ്ങളായി ഒഴിഞ്ഞു കിടന്നിട്ടും നിയമനത്തിന് തയാറായിട്ടില്ല. ചൈനയുമായും പാകിസ്ഥാനുമായും തർക്കമുള്ള അതിർത്തികളിൽ രാജ്യം നേരിടുന്ന വെല്ലുവിളികൾ നേരിടുന്ന സമയത്ത് പോലും സിഡിഎസ് നിയമനമില്ലാത്തത് ഗുരുതരമാണെന്ന് സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഡിസംബറിൽ തമിഴ്‌നാട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്ത് മരിച്ചതിനെത്തുടർന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പ്രതിരോധ സെക്രട്ടറി അജയ് കുമാർ കഴിഞ്ഞ നവംബർ മുതൽ സെക്രട്ടറി ഡിഫൻസ് പ്രൊഡക്ഷന്റെ അധിക ചുമതല കൂടി വഹിക്കുകയാണ്. പ്രതിരോധ മന്ത്രാലയത്തിൽ ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറിയായിരുന്ന രാജ് കുമാറിനെ മാതൃസംസ്ഥാനമായ ഗുജറാത്ത് കേഡറിലേക്ക് തിരിച്ചയച്ചതിനെ തുടർന്നാണിത്. ‘രണ്ട് സ്ഥാനങ്ങളും നിർണായകമാണ്, ഈ ഒഴിവുകൾ നികത്താത്തത് ഒന്നുകിൽ സർക്കാരിന്റെ അനാസ്ഥയുടെ അടയാളമാണ് അല്ലെങ്കിൽ അനുയോജ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവമാണ്’ വിരമിച്ച ഉന്നത സെെനിക ഓഫീസർ പറയുന്നു.
സിഡിഎസ് നിയമനം വൈകുന്നതിനെ കുറിച്ച് സർക്കാർ കൃത്യമായ വിശദീകരണം നല്കയിട്ടില്ല. മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, പ്രധാനമന്ത്രിക്ക് താല്പര്യമുള്ളവരെ കണ്ടെത്താനാകാത്തതാണ് പ്രധാന കാരണമെന്നാണ്. 2014 മുതൽ, തന്ത്രപരമായ പല പ്രവർത്തന പദ്ധതികളിലും തീരുമാനങ്ങളിലും ‘രാഷ്ട്രീയ ഔചിത്യം’ ഘടകമായി മാറിയിട്ടുണ്ടെന്ന് ഒരു കൂട്ടം മുതിർന്ന സൈനികരും വിരമിച്ച സൈനിക ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.
ഇന്ത്യയുടെ സേവന മേധാവികളെക്കുറിച്ചുള്ള മോഡിയുടെ വിലയിരുത്തൽ വിരോധാഭാസമാണെന്നും ഉയര്‍ന്ന മിലിട്ടറി ഉദ്യാേഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ‘പ്രവർത്തനപരവും ഭരണപരവുമായ ഉത്തരവാദിത്തങ്ങൾ വ്യക്തമായി നിർവചിക്കാതെ അടുത്ത സിഡിഎസിനെ നിയമിക്കുന്നത് ഗുണം ചെയ്യില്ല. പദവി നിലവിൽ വന്നതിനുശേഷം വെളിപ്പെട്ട നിരവധി പോരായ്മകളുണ്ട്’ എന്ന് മുൻ പ്രതിരോധ വകുപ്പ് ഉപദേഷ്ടാവ് അമിത് കൗഷിഷ് പറഞ്ഞു.
ഉക്രെയ്ൻ ആക്രമത്തെ തുടർന്നുള്ള യുഎസ് ഉപരോധത്തിന്റെ ഫലമായി റഷ്യയിൽ നിന്നുള്ള ഉപകരണങ്ങളുടെ ഡെലിവറി, സേവനം, അറ്റകുറ്റപ്പണികൾ, സ്പെയറുകൾ എന്നിവയിൽ രാജ്യത്തിന്റെ സൈന്യം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ഇന്ത്യൻ സൈനിക സേവനത്തിലുള്ള ഉപകരണങ്ങളിൽ 60% റഷ്യൻ നിർമ്മിതമായതിനാൽ ആ രാജ്യത്തിനുള്ള ഉപരോധങ്ങൾ ഇവിടെ ബാധിക്കാനിടയുണ്ട്. ഇറക്കുമതി കുറയ്ക്കാനായി സർക്കാർ നടപ്പാക്കിയ ആത്മനിർഭര്‍ പദ്ധതി തുടരുന്നതിന് ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറിയുടെ നിയമനം പ്രധാനമാണെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
English Summary:Modi’s military love; Appointing military chiefs
You may also like this video