പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗ്രീക്ക് സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെ ഗ്രീക്ക് തുറമുഖം സ്വന്തമാക്കാനൊരുങ്ങി ഗൗതം അഡാനി. ഇന്ത്യൻ ഉല്പന്നങ്ങളുടെ കയറ്റുമതി മുന്നില്‍കണ്ട് അഡാനി ഗ്രൂപ്പ് ഗ്രീക്ക് തുറമുഖം ഏറ്റെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഒരു ദിവസത്തെ ഗ്രീക്ക് സന്ദര്‍ശനത്തില്‍ ഇക്കാര്യം ചര്‍ച്ചയായെന്ന് ഗ്രീക്ക് സിറ്റി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഗ്രീസിലെ ഒന്നോ അതില്‍ കൂടുതലോ തുറമുഖങ്ങള്‍ അഡാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്ന കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഏതൻസില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെ വടക്കൻ ഗ്രീസില്‍ സ്ഥിതി ചെയ്യുന്ന കവാല, വോലോസ് എന്നീ തുറമുഖങ്ങള്‍ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും അലക്സാന്ത്രോപോളിയും സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.
ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാക്കിസുമായുള്ള ചര്‍ച്ചയിലാണ് ഗ്രീക്ക് തുറമുഖം ഏറ്റെടുക്കുന്നതില്‍ മോഡി താല്പര്യം അറിയിച്ചത്. ഇന്ത്യ‑യൂറോപ്യൻ യൂണിയൻ സാമ്പത്തിക, ഗതാഗത, നയതന്ത്ര ഇടനാഴിയായാണ് ഇന്ത്യ ഗ്രീസിനെ കണക്കാക്കുന്നതെന്നും ഇരു രാജ്യങ്ങള്‍ക്കും നിരവധി അവസരങ്ങളുണ്ടെന്നും മോഡി സന്ദര്‍ശന വേളയില്‍ അഭിപ്രായപ്പെട്ടിരുന്നു.
ബ്രിക്സ് ഉച്ചകോടിക്കു വേണ്ടിയുള്ള നാലു ദിവസത്തെ ദക്ഷിണാഫ്രിക്കൻ സന്ദര്‍ശനത്തിന് ശേഷമാണ് മോഡി ഗ്രീസിലെത്തിയത്. 40 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിച്ചത്. 1980കളില്‍ ഇന്ദിരാ ഗാന്ധിയാണ് ഇതിന് മുമ്പ് ഗ്രീസ് സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ചരിത്രപരമെന്ന് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ച മോഡിയുടെ സന്ദര്‍ശനം കുത്തകകള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിദേശ സന്ദര്‍ശനങ്ങള്‍ക്ക് തൊട്ടുപിന്നാലെ അഡാനി ഗ്രൂപ്പ് നടത്തുന്ന ഏറ്റെടുക്കലുകള്‍ വ്യവസായ ലോകത്തും ചര്‍ച്ചയായിട്ടുണ്ട്.
യൂറോപ്യൻ കയറ്റുമതിക്കായി ഗ്രീക്ക് തുറമുഖമായ പിറേയസ് ഇന്ത്യ ഉപയോഗപ്പെടുത്തുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ തുറമുഖം ചൈനയുടെ നിയന്ത്രണത്തിലാണ് എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ചൈന പിറേയസിനെ പ്രദേശത്തെ ഏറ്റവും വലിയ തുറമുഖമായി മാറ്റിയിരുന്നു. 2019ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ് തുറമുഖം സന്ദര്‍ശിക്കുകയും യൂറോപ്പുമായുള്ള ബന്ധത്തിനും ഏഷ്യ‑യൂറോപ്പ് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിലും പ്രധാന കേന്ദ്രമായി തുറമുഖം മാറുമെന്നും അഭിപ്രായപ്പെട്ടിരുന്നു.