Site iconSite icon Janayugom Online

മോഫിയ പർവീൺ കേസില്‍ കുറ്റപത്രം സമർപ്പിച്ചു

ഭർതൃപീഡനത്തെ തുടർന്ന് ആലുവയിൽ നിയമ വിദ്യാര്‍ത്ഥി മോഫിയ പർവീണ്‍ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈൽ, മാതാപിതാക്കൾ എന്നിവരെ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയാണ് കുറ്റപത്രം സമർപ്പിച്ചത്. ഭർതൃവീട്ടിൽ മോഫിയ നേരിട്ടത് ക്രൂര പീഡനമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഭർത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മോഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നതെന്നും ഭർതൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയാണ്. പലതവണ ഇയാൾ മോഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. മോഫിയയെ മാനസിക രോഗിയായി ഭർതൃവീട്ടുകാർ മുദ്രകുത്തിയിരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നൽകാത്തതിനെ തുടർന്നാണ് പീഡനം തുടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മോഫിയ ഭർത്താവിനെതിരെ നൽകിയ സ്ത്രീധന പീഡന പരാതിയിൽ പൊലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ വെച്ച് പെൺകുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്.
മോഫിയ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിൽ സി ഐ സുധീറിന്റെ ഭാഗത്തു നിന്നും ഗുരുതര പിഴവുകൾ ഉണ്ടായതായി ചൂണ്ടിക്കാണിച്ചിരുന്നു. 

വിവാഹവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് മോഫിയയേയും ഭർത്താവ് സുഹൈലിനേയും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരിക്കുന്നതിനിടെ ദേഷ്യം വന്ന് മോഫിയ സുഹൈലിന്റെ കരണത്തടിച്ചു. തുടർന്ന് സി ഐ സുധീർ മോഫിയയോട് കയർത്തു സംസാരിച്ചു. ഒരിക്കലും സിഐയിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. 

ENGLISH SUMMARY:Mofia Parveen has filed a chargesheet in the case
You may also like this video

Exit mobile version