Site iconSite icon Janayugom Online

മൊഫിയയുടെ ആത്മഹത്യ : സിഐയ്ക്ക് വീഴ്ചയെന്ന് എഫ്ഐആർ

സ്ത്രീധന പീഡനത്തെ തുടർന്ന് നിയമ വിദ്യാർഥി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സർക്കിൾ ഇൻസ്പെക്ടർ സുധീറിന് വീഴ്ച സംഭവിച്ചതായി എഫ്ഐആറിൽ പരാമർശം.പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴുണ്ടായ നിരാശയും നീതി ലഭിക്കില്ലെന്ന ചിന്തയുമാണ് മോഫിയയെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടതെന്ന് എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്ന ആലുവ ഈസ്റ്റ് പൊലീസ് സംഘമാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 

മൊഫിയ ഭർത്താവായ മുഹമ്മദ് സുഹൈലിനെതിരെ പരാതി ആദ്യം നൽകിയത് ജില്ലാ പൊലീസ് മേധാവിക്കാണ്. ഇവിടെ നിന്നാണ് പരാതി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് പ്രശ്ന പരിഹാരത്തിന് കൈമാറുന്നത്. ഇവിടെ നടന്ന ചർച്ചയ്ക്കിടെ പ്രകോപിതയായ മൊഫിയ ഭർത്താവ് സുഹൈലിന്റെ കരണത്ത് അടിച്ചതായും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഇടപ്പെട്ട സർക്കിൾ ഇൻസ്പെക്ടർ സുധീർ, മൊഫിയയെ ശ്വാസിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇതോടെ തനിക്ക് പൊലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന ഉറപ്പിച്ച മൊഫിയ വീട്ടിലെ കിടപ്പ് മുറിയിൽ നവംബർ 22ന് തൂങ്ങി മരിക്കുകയായിരുന്നുവെന്നുമാണ് എഫ്ഐആറിൽ പരാമർശിക്കുന്നത്. നിലവിൽ സുധീർ സസ്പെൻഷനിലാണ്. 

അതേ സമയം പ്രതികളുടെ ജാമ്യപേക്ഷയെ എതിർത്ത് ആലുവ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഭർതൃവീട്ടിലെ പീഡനവും മൊഫിയയെ മരണത്തിലേയ്ക്ക് തള്ളിവിട്ടതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും വീട്ടിൽ ജോലിക്കാരിയോടെന്നപോലെ പെരുമാറിയെന്നും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. മൊഫിയയുടെ മരണത്തിന് പിന്നാലെ അടുത്ത ബന്ധുക്കളുടെ മൊഴിയെടുത്തപ്പോഴാണ് സർക്കിൾ ഇൻസ്പെക്ടറിൽ നിന്ന് മോശം പെരുമാറ്റമുണ്ടായതായി കണ്ടെത്തിയതെന്നും തുടർ അന്വേഷണത്തിൽ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തിയെന്നുമാണ് പൊലീസിന്റെ ഭാഗം.
eng­lish summary;Mofia’s sui­cide updates
you may also like this video;

Exit mobile version