Site iconSite icon Janayugom Online

മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം; ഉടൻ പുറത്തിറങ്ങും

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് എല്ലാ കേസുകളിലും സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കസ്റ്റഡിയിൽ നിന്ന് ഉടൻ മോചിപ്പിക്കണമെന്നും ഉത്തരവിട്ടു. തുടര്‍ന്ന് വൈകിട്ടോടെ അദ്ദേഹത്തെ പൊലീസ് വിട്ടയച്ചു. അറസ്റ്റെന്ന അധികാരം അമിതമായി ഉപയോഗിച്ചതിന് യുപി പൊലീസിനെയും ഭരണകൂടത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
മുഹമ്മദ് സുബൈറിനെതിരായ നടപടി ന്യായീകരിക്കാനാവില്ലെന്നും ആർട്ടിക്കിൾ 32 പ്രകാരം എല്ലാ കേസുകളിലും ഹർജിക്കാരനെ ഉടൻ ജാമ്യത്തിൽ വിട്ടയക്കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിച്ചു. സുബൈറിനെതിരായ എല്ലാ എഫ്ഐആറുകളും ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഉത്തർപ്രദേശിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുബൈറിന്റെ ഹർജിയിലാണ് കോടതി വിധി.
ട്വീറ്റുകളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത ആറ് കേസുകളിലും സുബൈറിനു ജാമ്യം അനുവദിച്ചിട്ടുണ്ട്. പഴയ കേസിൽ ജാമ്യം ലഭിച്ചയുടൻ പുതിയ കേസിൽ റിമാന്റ് ചെയ്യുന്ന രീതിയാണെന്ന് വിശേഷിപ്പിച്ച കോടതി, അടുത്ത വാദം കേൾക്കൽ വരെ മുഹമ്മദ് സുബൈറിനെതിരെ യാെതാരു നടപടിയും സ്വീകരിക്കരുതെന്ന് യുപി സർക്കാരിനോട് നിർദ്ദേശിച്ചു.
2018ലെ ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ജൂൺ 27നാണ് മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സീതാപുരിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകിയെങ്കിലും മറ്റുകേസുകൾ കാരണം ജയിലിൽ തുടരുകയായിരുന്നു.
ഉത്തർപ്രദേശിലെ ഗാസിയാബാദ്, മുസാഫർനഗർ, ചന്ദോളി, ലഖിംപുർ ഖേരി, സീതാപുർ, ഹത്രാസ് എന്നിവിടങ്ങളിലായി ഏഴ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുബൈറിനെ 14 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് യുപി പൊലീസ് ഹത്രാസിലെ കോടതിയിൽ നല്കിയ ഹർജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെയാണ് സുബൈറിന്റെ അഭിഭാഷക വൃന്ദ ഗ്രോവർ സുപ്രീം കോടതിയെ സമീപിച്ചത്. 

Eng­lish summary;Mohammad Zubair grant­ed inter­im bail

You may also like this video;

Exit mobile version