ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഉപാധികളോടെ ഇടക്കാല ജാമ്യം. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, ജെ കെ മഹേശ്വരി എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്.
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ സീതാപുരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുബൈറിന് അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ കാലയളവില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡല്‍ഹി വിട്ടു പോകരുതെന്ന ഉപാധിയും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. അതേസമയം ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ സുബൈറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി തുടരും.
വിദ്വേഷ പ്രസംഗം നടത്തിയവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ അത് ചൂണ്ടിക്കാട്ടിയവര്‍ അഴിക്കുള്ളിലാണ്. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന വാദമാണ് സുബൈറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയില്‍ മുന്നോട്ടു വച്ചത്. ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കുന്നതിനായി വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് സുബൈര്‍ ചെയ്തിരിക്കുന്നതെന്നും ഗോണ്‍സാല്‍വസ് വാദിച്ചു.
അതേസമയം ജാമ്യത്തെ യുപി സര്‍ക്കാര്‍ എതിര്‍ത്തു. സുബൈറിനെതിരെ പ്രകോപനപരമായ ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ വേറെ ആറു കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
English Summary: Mohammad Zubair granted interim bail
You may like this video also