Site iconSite icon Janayugom Online

മുഹമ്മദ് സുബൈര്‍ നാല് ദിവസം പൊലീസ് കസ്റ്റഡിയില്‍

മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. അദ്ദേഹത്തെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മതവികാരം വ്രണപ്പെടുത്തിയെന്നും വിദ്വേഷ പ്രചരണം നടത്തിയെന്നും ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വസ്തുതാ അന്വേഷണ വെബ്സൈറ്റ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

2018ലെ ട്വീറ്റിന്റെ അടിസ്ഥാനത്തിലാണ് സുബൈറിന്റെ അറസ്റ്റ് . ഹനുമാന്‍ ഭക്ത് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ച പോസ്റ്റിനെ ആധാരമാക്കിയാണ് സുബൈറിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്. ‘ഹണിമൂൺ ഹോട്ടൽ’ എന്ന ഹോട്ടലിന്റെ സൈൻ ബോർഡ് ‘ഹനുമാൻ ഹോട്ടൽ’ എന്നാക്കി മാറ്റിയ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതിനാണ് സുബൈറിനെതിരെ കേസെടുത്തത്. 1983ലെ റിഷികേശ് മുഖര്‍ജിയുടെ പ്രശസ്ത ചിത്രം ’ കിസി സേ നാ കെഹ്‌ന’ എന്ന ചിത്രത്തിലെ സ്ക്രീന്‍ഷോട്ടാണ് സുബൈര്‍ ട്വീറ്റില്‍ പങ്കുവച്ചിരുന്നത്.

സിപിഐ അപലപിച്ചു

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ സിപിഐ അപലപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ജി 7 ഉച്ചകോടിയിൽ, ‘ഓൺലൈനിലും ഓഫ്‌ലൈനിലും’ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള സംയുക്ത പ്രസ്താവനയിൽ ഇന്ത്യ ഒപ്പുവച്ച അതേ ദിവസം തന്നെയാണ് സുബൈറിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നതെന്നത് വിരോധാഭാസമാണെന്ന് സിപിഐ ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യത്തിനും വാസ്തവം അറിയാനുള്ള ജനങ്ങളുടെ അവകാശത്തിനും മേലുള്ള കടന്നു കയറ്റമാണ് സുബൈറിന്റെ അറസ്റ്റ്. കേസുകള്‍ പിന്‍വലിച്ച് അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ഉടൻ വിട്ടയക്കണം: എഡിറ്റേഴ്‌സ് ഗിൽഡ്

മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.  അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതാണ് മുഹമ്മദ് സുബൈറിന്റെ അറസ്റ്റ്. തെറ്റായ വിവരങ്ങള്‍ ഉപകരണമാക്കി ദേശീയത മുന്‍ നിര്‍ത്തി സമൂഹത്തില്‍ ധ്രൂവീകരണം നടത്താനുള്ള നീക്കങ്ങളെ എതിര്‍ത്തതിന്റെ ബാക്കിപത്രമാണിതെന്നും സംഘടന ചൂണ്ടിക്കാട്ടി.

ഓൺലൈൻ, ഓഫ്‌ലൈൻ ഉള്ളടക്കം സംരക്ഷിച്ചുകൊണ്ട് പ്രതിരോധശേഷിയുള്ള ജനാധിപത്യം ഉറപ്പാക്കാൻ ജർമ്മനിയിൽ നടന്ന ജി7 മീറ്റിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെട്ടു.

Eng­lish Summary:Mohammad Zubair was remand­ed in police cus­tody for four days
You may also like this video

Exit mobile version