Site icon Janayugom Online

ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന ജനശ്രദ്ധ തിരിക്കാന്‍

ആര്‍എസ്എസ്, സംഘ്പരിവാര്‍ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാരുമായുള്ള അഭിമുഖത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് വ്യക്തമാക്കിയ അഭിപ്രായങ്ങള്‍ രാഷ്ട്രീയ സാമൂഹ്യ മേഖലയില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ആര്‍എസ്എസ് രൂപീകരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സ്ഥാപകരില്‍ പ്രധാനിയായിരുന്ന ഡോ. ഹെഡ്ഗേവാര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സ്വയംസേവക് സംഘിന്റെ സര്‍സംഘ്ചാലകായിരുന്ന ഗോള്‍വാള്‍ക്കറും ഹിന്ദുരാഷ്ട്ര വാദത്തിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ച് അതിന്റെ നിര്‍മ്മിതി എങ്ങനെയായിരിക്കണമെന്ന് വിചാരധാര എന്ന പുസ്തകത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആര്‍എസ്എസ് രൂപീകൃതമാകുന്ന സന്ദര്‍ഭത്തില്‍ ഉയര്‍ത്തിപ്പിടിച്ച നിലപാട് കൂടുതല്‍ ശക്തമായാണ് മോഹന്‍ ഭാഗവത് വ്യക്തമാക്കിയിരിക്കുന്നത്. 2024ലെ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ളതാണ് ഈ നീക്കങ്ങള്‍. ജനജീവിതം ദുസഹമായതിനെ തുടര്‍ന്ന് വിവിധ ജനവിഭാഗങ്ങള്‍ പ്രക്ഷോഭരംഗത്താണ്. പാവപ്പെട്ടവരും ഇടത്തരക്കാരും ധനികരും തങ്ങളുടെ ജീവിതം ദുസഹമാകുന്നുവെന്ന് തിരിച്ചറിഞ്ഞ് രാജ്യത്തെ തെരുവുകളില്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേന്ദ്രനയങ്ങളുടെ ഫലമായി ദുരിതത്തിലായ വിവിധ വിഭാഗം ജനങ്ങളുടെ ശ്രദ്ധ യഥാര്‍ത്ഥപ്രശ്നങ്ങളില്‍ നിന്ന് തിരിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് മോഹന്‍ഭാഗവത് നടത്തിയ പ്രസ്താവന.

“ആയിരം വര്‍ഷങ്ങളായി യുദ്ധത്തിലായിരുന്ന രാജ്യത്തെ ഹിന്ദുസമൂഹം ഉണര്‍ന്നു. ആധിപത്യചിന്ത വെടിഞ്ഞാല്‍ ഇവിടെ സുരക്ഷിതമായി കഴിയാം. ഹിന്ദുധര്‍മ്മത്തെയും സംസ്കാരത്തെയും സംരക്ഷിക്കാനുള്ള യുദ്ധത്തിന്റെ വക്കിലാണ് ഹിന്ദുസമൂഹം. പുറമെ നിന്നുള്ള ശത്രുക്കള്‍ക്ക് എതിരായല്ല ഈ യുദ്ധം. അകത്തുള്ള ശത്രുക്കള്‍ക്ക് നേരെയാണ്. ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായി തുടരണം.” ഹിന്ദുസംസ്കാരത്തെ സംരക്ഷിക്കുവാന്‍ ആയിരം വര്‍ഷങ്ങളായി നടത്തുന്ന യുദ്ധം തുടരുന്നു എന്ന പ്രഖ്യാപനത്തിലൂടെ ആര്‍എസ്എസ് ഉന്നം വയ്ക്കുന്നത് എന്താണെന്ന് വ്യക്തമാണ്. ആര്‍എസ്എസ് പരസ്യമായി ഇത്രയും ശക്തമായ നിലപാടും നീക്കങ്ങളും നടത്തുന്നത് ബോധപൂര്‍വമാണ്. തങ്ങള്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയാന്തരീക്ഷം പക്വമായി വരുന്നുവെന്ന ബോധ്യമായിരിക്കാം സംഘ്പരിവാര്‍ മേധാവിയെ നിലപാട് കടുപ്പിക്കുവാന്‍ പ്രേരിപ്പിച്ചത്. തങ്ങളുടെ ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ പൂര്‍ണമായും കൊണ്ടുപോകാനുള്ള നീക്കമാണിത്. ആയിരം വര്‍ഷത്തെ ചരിത്രത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതിലൂടെ മുസ്ലിം വിരോധം കൂടുതല്‍ ആഴത്തില്‍ കുത്തിവയ്ക്കപ്പെടുകയാണ്. വിദേശരാജ്യത്ത് നിന്നുള്ള ഭീഷണിയെക്കാള്‍ രാജ്യം നേരിടുന്നത് ആഭ്യന്തര ഭീഷണിയാണ് എന്ന പ്രഖ്യാപനം ന്യൂനപക്ഷത്തെയും കമ്മ്യൂണിസ്റ്റുകാരെയും ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. ആഭ്യന്തര ഭീഷണി നേരിടാനെന്ന പേരില്‍ കലാപങ്ങള്‍ സൃഷ്ടിച്ച് കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഭയപ്പെടുത്തി വരുതിയിലാക്കുക എന്നതാണ് അവര്‍ ഉദ്ദേശിക്കുന്നത്.


ഇതുകൂടി വായിക്കൂ: അഴിമതിയുടെയും ജീര്‍ണതയുടെയും പ്രതീകം


ആര്‍എസ്എസിന്റെ ആശയങ്ങള്‍ രൂപം കൊണ്ടത് ഹിറ്റ്ലറില്‍ നിന്നും മുസോളിനിയില്‍ നിന്നുമാണ്. അവര്‍ നടപ്പിലാക്കിയ ന്യൂനപക്ഷ, കമ്മ്യൂണിസ്റ്റ് വേട്ട തന്നെയാണ് ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികളും ലക്ഷ്യമിടുന്നത്. ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. അമര്‍ത്യാസെന്‍ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഏറ്റവുമൊടുവില്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യയിലെ ബുദ്ധിജീവികള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിക്കണമെന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവച്ചത്. രാജ്യത്ത് ഉയര്‍ന്നുവന്ന ചിന്താഗതികളുടെ പ്രതിഫലനമാണിത്. ജീവിത ദുരന്തങ്ങള്‍ക്ക് പരിഹാരം കാണാതെ രാജ്യത്തിന്റെയും ജനങ്ങളുടെയും മുന്നില്‍ ഒരു പുതിയ അജണ്ട ഉയര്‍ത്താന്‍ നടത്തുന്ന നീക്കങ്ങളെ ഒന്നിച്ചുനിന്ന് പരാജയപ്പെടുത്താന്‍ കഴിയണം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതായിരിക്കണം ദേശീയ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട കടമ. ഇടതുപക്ഷ പാര്‍ട്ടികളും മറ്റ് ജനാധിപത്യ പാര്‍ട്ടികളും അതിനായി ഒന്നിച്ചണിനിരക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്. സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കടമയായി വ്യക്തമാക്കിയത്.

സിപിഐ(എം) കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയവും ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നത് പ്രധാനപ്പെട്ട രാഷ്ട്രീയ കടമയായി അംഗീകരിച്ചിട്ടുണ്ട്. ത്രിപുരയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ, സിപിഐ(എം) ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും ഒരുമിച്ച് ബിജെപിക്കെതിരായി രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ ആശാവഹമായ മാറ്റമാണിത്. ഇടതുപക്ഷ പാര്‍ട്ടികളും പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്നതിനായി ഒരുമിക്കണമെന്നാണ് മതേതര ജനാധിപത്യ വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. രാജ്യത്ത് വളര്‍ന്നുവരുന്ന അസമത്വം ഞെട്ടിക്കുന്നതാണ്. അതിനെക്കുറിച്ച് കേന്ദ്രഭരണ നേതൃത്വമോ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതോ ഒരക്ഷരം പറയുന്നില്ല. ബിജെപിയുടെ നേതൃയോഗം ഡല്‍ഹിയില്‍ നടക്കുമ്പോള്‍ സാമ്പത്തികമായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന അസമത്വം പരിഹരിക്കുന്നതിനെക്കുറിച്ച് ഒരു വാക്ക് പറയാനോ പ്രമേയം പാസാക്കാനോ മുന്നോട്ടുവന്നില്ല. ഇതേസന്ദര്‍ഭത്തിലാണ് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സ്വതന്ത്ര പഠന ഗവേഷണ സ്ഥാപനമായ ഓക്സ്ഫാം ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 141 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയില്‍ 40 ശതമാനം സമ്പത്ത്‍ ഒരു ശതമാനത്തിന്റെ കയ്യിലാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 1981–82 വര്‍ഷത്തില്‍ ഏറ്റവും സമ്പന്നരായ പത്തു ശതമാനത്തിന്റെ കയ്യില്‍ 40 ശതമാനം സമ്പത്താണ് ഉണ്ടായിരുന്നത്.


ഇതുകൂടി വായിക്കൂ: അഭിനവ അവതാരങ്ങളും മോഡേണ്‍ തപസ്യയും


2022 ആകുമ്പോഴേക്കും അതിസമ്പന്നരായ 10 ശതമാനം ഇന്ത്യയിലെ 63 ശതമാനം സമ്പത്തും കൈവശപ്പെടുത്തി എന്നാണ് വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ 61.7 ശതമാനം സമ്പത്തും അതിസമ്പന്നരായ അഞ്ചു ശതമാനം പേരുടെ കൈവശമാണെന്ന് ഓക്സ്ഫാം‍ പറയുന്നു. ഇന്ത്യയിലെ സമ്പന്നരായ 10 ശതമാനം പേര്‍ക്ക് അഞ്ച് ശതമാനം നികുതി ചുമത്തിയാല്‍ പഠനം അവസാനിപ്പിച്ച് വീട്ടിലിരിക്കുന്ന വിദ്യാര്‍ത്ഥികളെ വിദ്യാലയങ്ങളിലേക്ക് തിരികെ കൊണ്ടുവരാന്‍ ആവശ്യമായ അത്രയും തുക സംഭരിക്കാന്‍ കഴിയുമെന്നും ശതകോടീശ്വരന്‍മാരുടെ സമ്പത്തില്‍ ഒരു തവണ മാത്രം രണ്ട് ശതമാനം നികുതി ചുമത്തിയാല്‍, അടുത്ത മൂന്ന് വര്‍ഷത്തേക്ക് രാജ്യത്ത് പോഷകാഹാരം ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് പണം സംഭരിക്കുവാന്‍ കഴിയുമെന്നും ഓക്സ്ഫാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോവിഡ്കാലത്ത് രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ സമ്പത്തും അവരുടെ എണ്ണവും വര്‍ധിക്കുകയാണ് ചെയ്തത്. 2020 ല്‍ 102 ആയിരുന്ന കോടീശ്വരനമാര്‍ 2022ല്‍ 166 ആയി വര്‍ധിച്ചു. ഇതിനോടെല്ലാം ബിജെപിയും ആര്‍എസ്എസും മൗനം പാലിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ അവര്‍ നേരിടുന്ന ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യരുത്. അത്തരം ചര്‍ച്ചകള്‍ രാഷ്ട്രീയമായി വലിയ തിരിച്ചടി ഉണ്ടാകുമെന്ന തിരിച്ചറിവാണ് ആര്‍എസ്എസ് സര്‍സംഘ്ചാലകിനെ പുതിയ വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രേരിപ്പിച്ചത്. വര്‍ഗ, ജാതി, ഗോത്ര, ഭാഷാ ചേരിതിരിവുകള്‍ സൃഷ്ടിച്ച് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക, ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് ഫാസിസ്റ്റ് ശക്തികള്‍ ലോകത്തെല്ലായിടത്തും എപ്പോഴും നടത്തുന്ന നീക്കങ്ങളാണ്. ആ നീക്കങ്ങള്‍ തന്നെയാണ് ഭരണകൂടത്തിന്റെ പിന്തുണയോടെ ബിജെപിയും ആര്‍എസ്എസും രാജ്യത്ത് നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായാണ് ആര്‍എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് നടത്തിയ യുദ്ധാഹ്വാനം.

Exit mobile version