Site iconSite icon Janayugom Online

മോഹന്‍ലാല്‍ കെസിഎല്‍ അംബാസഡര്‍

mohanlalmohanlal

കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ ക്രിക്കറ്റ്‌ ലീഗായ കേരള ക്രിക്കറ്റ്‌ ലീഗിന്റെ (കെസിഎല്‍) ബ്രാന്‍ഡ്‌ അംബാസഡറായി സൂപ്പര്‍താരം മോഹന്‍ലാല്‍. സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ കേരള ടീമിന്റെ നായകന്‍ കൂടിയായിരുന്നു മോഹന്‍ലാല്‍.

“ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്‌. ഒട്ടേറെ മികച്ച പ്രതിഭകള്‍ കേരള ക്രിക്കറ്റില്‍ ഉണ്ടാകുന്നുണ്ട്‌. അവര്‍ക്ക്‌ ദേശീയ ശ്രദ്ധയും അതുവഴി മികച്ച അവസരങ്ങളും കൈവരാനുള്ള അവസരമാണ്‌ ലീഗിലൂടെ ഒരുങ്ങുന്നത്‌. കേരളത്തില്‍ പുതിയൊരു ക്രിക്കറ്റ്‌ സംസ്കാരത്തിനു തന്നെ ഇതു വഴിവയ്ക്കും. ആവേശകരമായ ലീഗ്‌ മത്സരങ്ങള്‍ക്കായി കാത്തിരിക്കാം’ മോഹന്‍ലാല്‍ വ്യക്തമാക്കി.

ഐപിഎല്‍ മാതൃകയില്‍ മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട ആറ്‌ ടീമുകള്‍ അണിനിരക്കുന്ന ട്വന്റി20 ക്രിക്കറ്റ്‌ ലീഗിന്റെ ആദ്യ സീസണ്‍ സെപ്റ്റംബര്‍ രണ്ടുമുതല്‍ 19 വരെ തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ്‌ ഹബ്ബ് സ്റ്റേഡിയത്തിലാണ്‌ സംഘടിപ്പിക്കുന്നത്‌. 60 ലക്ഷം രൂപയാണ്‌ ലീഗിലെ ആകെ സമ്മാനത്തുക. പകലും രാത്രിയുമായി രണ്ട്‌ മത്സരങ്ങളാണ്‌ ഓരോ ദിവസവും ഉണ്ടാകുക. ലീഗിന്റെ ഇടവേളയില്‍ മലയാളി വനിതാ ക്രിക്കറ്റ്‌ താരങ്ങള്‍ അണിനിരക്കുന്ന പ്രദര്‍ശന മത്സരവും സംഘടിപ്പിക്കും.
ടീം ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനുള്ള താല്പര്യപത്രം സമര്‍പ്പിക്കുവാനുള്ള അവസരം 2024 ജൂലൈ 15 വരെയാണ്‌. ഒട്ടേറെ മുന്‍നിര കമ്പനികളും ബ്രാന്‍ഡുകളും ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിനും ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുമായി ഇതിനകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ കെസിഎല്‍ ചെയര്‍മാന്‍ നാസിര്‍ മച്ചാന്‍ അറിയിച്ചു. ടീം അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ താരലേലവും സംഘടിപ്പിക്കുന്നുണ്ട്‌.

കേരള ക്രിക്കറ്റിന്റെ ഭാവി തന്നെ തിരുത്തിക്കുറിക്കുന്ന കേരള ക്രിക്കറ്റ്‌ ലീഗിനൊപ്പം അംബാസഡറായി പ്രിയതാരം മോഹന്‍ലാല്‍ അണിചേരുന്നത്‌ അഭിമാനകരവും ഏറെ പ്രതീക്ഷ നല്‍കുന്നതുമാണെന്ന്‌ കെസിഎ പ്രസിഡന്റ്‌ ജയേഷ്‌ ജോര്‍ജും സെക്രട്ടറി വിനോദ്‌ എസ് കുമാറും പറഞ്ഞു. മോഹന്‍ലാലുമായി സഹകരിച്ച്‌ ടൂര്‍ണമെന്റ്‌ പ്രൊമോഷന്‌ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇരുവരും അറിയിച്ചു.

Exit mobile version