Site iconSite icon Janayugom Online

മോഹൻലാലിന്റെ ലഫ്. കേണൽ പദവി തിരിച്ചെടുക്കണമെന്ന് ബിജെപി നേതാവ്; എമ്പുരാനെതിരെ വ്യാപക സൈബര്‍ ആക്രമണം

എമ്പുരാന്‍ ചിത്രത്തിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ വിവാദമാകുന്ന സാഹചര്യത്തില്‍ മോഹൻലാലിന്റെ ലഫ്.കേണൽ പദവി​ തിരികെയെടുക്കണമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം സി.രഘുനാഥ്. മോഹൻലാൽ അറിയാതെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ സിനിമയിൽ വരില്ലെന്നാണ് രഘുനാഥ് പറയുന്നത്. ഇന്ത്യൻ സർക്കാറിന്റെ ഭാഗമായി നിൽക്കുന്ന ആളാണ് മോഹൻലാൽ. ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഇട​പെടൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എമ്പുരാൻ സിനിമയുടെ സംവിധായകൻ പൃഥ്വിരാജിനെതിരെ തീവ്രഹിന്ദുത്വവാദികളായ പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ്, ലസിത പാലക്കൽ അടക്കമുള്ളവർ കടുത്ത വിദ്വേഷ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചിത്രത്തിനെതിരെ ചൊടിപ്പിച്ചത്. നായകൻ മോഹൻലാലിനും സംവിധായകൻ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണം
കടുപ്പിച്ചിരിക്കുകയാണ് സംഘ്പരിവാർ അനുകൂലികൾ.

ആഗോള ബോക്സോഫീസിൽ റിലീസായി 48 മണിക്കൂർ പിന്നിടുന്നതിനു മുമ്പ് തന്നെ 100 കോടി കളക്ഷൻ സ്വന്തമാക്കി എമ്പുരാൻ ചരിത്രം കുറിച്ചത്. ചിത്രത്തിന്റെ അസാധാരണ വിജയത്തിന്റെ ഭാഗമായ എല്ലാവരെയും നന്ദി അറിയിച്ച് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചു. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയുമാണ് ചിത്രത്തിന്റെ വിജയം സാധ്യമാക്കിയതെന്നും താരം കുറിപ്പിൽ പറയുന്നു. 65 കോടി രൂപയിലേറെയാണ് ആദ്യദിന കലക്ഷൻ. കേരളത്തിലും ഏറ്റവും വലിയ ഓപണിങ് കളക്ഷൻ എമ്പുരാന്‍ സ്വന്തമാക്കിയത്. തമിഴ് സൂപ്പർ താരം വിജയ് യുടെ ‘ലിയോ’ നേടിയ 12 കോടി മറികടന്ന്, 15 കോടിയിലാണ് ആദ്യ ദിന കളക്ഷനെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

Exit mobile version