Site iconSite icon Janayugom Online

രാജഭരണം മാറി; മഹാരാജയും രാജകുമാരിയും വേണ്ടെന്ന് ഹൈക്കോടതി

ഹര്‍ജിയില്‍ മഹാരാജാവ്, രാജകുമാരി തുടങ്ങി സംബോധന ചെയ്ത നടപടിയെ ചോദ്യം ചെയ്ത് രാജസ്ഥാൻ ഹൈക്കോടതി. ഹര്‍ജിയിലെ ഇത്തരം വിശേഷണങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ ജയ്പൂര്‍ രാജകുടുംബം നല്‍കിയിരിക്കുന്ന കേസ് റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

രാജഭരണം മാറി ജനാധിപത്യം വന്നിട്ടും രാജകീയ വിശേഷണങ്ങള്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കുകയായിരുന്നു ഹൈക്കോടതി. 13ന് മുമ്പ് ഈ വിശേഷണങ്ങള്‍ ഒഴിവാക്കി ഹര്‍ജി സമര്‍പ്പിച്ചില്ലെങ്കില്‍ 24 വര്‍ഷമായി കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ്. ജസ്റ്റിസ് മഹേന്ദ്ര കുമാര്‍ ഗോയലിന്റേതായിരുന്നു നടപടി. 

മുന്‍സിപ്പല്‍ അധികൃതര്‍ തങ്ങള്‍ താമസിക്കുന്ന വീടിന് നികുതി ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. 2001ലാണ് ആദ്യമായി ഈ വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ജയ്പൂര്‍ രാജകുടുംബത്തിലെ പിന്‍ഗാമികളായിരുന്ന ജഗദ് സിങ്ങും പൃഥ്വിരാജ് സിങ്ങുമാണ് ഹര്‍ജി സര്‍പ്പിച്ചത്. സ്വതന്ത്ര രാജ്യത്ത് ‘മഹാരാജ’ പോലുള്ള രാജകീയ വിശേഷണങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പ്രസക്തി എന്താണെന് കോടതി ആരാഞ്ഞു. രാജകീയമായ അധികാരങ്ങളെല്ലാം ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ അവസാനിച്ചെന്നും എന്നിട്ടും ഇപ്പോഴുമെന്തിനാണ് കോടതി കാര്യങ്ങള്‍ക്ക് ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നതെന്നും കോടതി ആരാഞ്ഞു. 

2022 ജനുവരിയിലും ജയ്പുര്‍ കോടതി സമാനമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. അന്ന് കേന്ദ്രസര്‍ക്കാരിനോടും രാജസ്ഥാന്‍ സര്‍ക്കാരിനോടും ഇത്തരം വിശേഷണങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള അഭിപ്രായം കോടതി ചോദിച്ചിരുന്നു. വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ജോധ്പുര്‍ കോടതിയും നേരത്തെ ഇത്തരം വിശേഷണങ്ങളെ എതിര്‍ത്തിരുന്നു.

Exit mobile version